• Sat. Dec 6th, 2025

24×7 Live News

Apdin News

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

Byadmin

Dec 6, 2025


രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021ന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യയിലേക്കെത്തുന്നത്. 23ാമത് ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ ഇന്ത്യയിലെത്തിയിരിക്കുന്നത്.

എയർപോർട്ടിലെത്തി പുടിനെ സ്വീകരിച്ച പ്രധാനമന്ത്രിയും പുടിനും പിന്നീട് ഒരേ വാഹനത്തിലാണ് തിരികെ പോയത്. ഇതിനു ശേഷം പ്രധാനമന്ത്രി പുടിനായി ഒരു സ്വകാര്യ അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയ്ക്ക് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ പുടിനായി സ്വീകരണം ഒരുക്കിയ ശേഷം ഹൈദരാബാദ് ഹൗസിൽ നടക്കുന്ന ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും വിവിധ കരാറുകളിൽ ഒപ്പിടും. അതിന് ശേഷം ഭാരത് മണ്ഡപത്തിൽ വെച്ച് ഇരുരാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. വൈദ്യുതി ഉൽപാദനത്തിന് സ്വയം പര്യാപ്തത കൈവരിക്കുന്ന ചെറുകിട ആണവ റിയാക്ട്റുകൾ ഇന്ത്യക്ക് കൈമാറുന്നത് സംബന്ധിച്ചുള്ള കരാറിലും പുടിൻ ഒപ്പുവെക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധകരാറിലും ഒപ്പുവയ്ക്കും. സുഖോയ് 57 വിമാനങ്ങൾ, S 400 വ്യോമപ്രതിരോധ സംവിധാനം എന്നിവ ഇന്ത്യൻ സൈന്യത്തിന് കൈമാറുന്ന കരാറിലാണ് ഒപ്പുവയ്ക്കുക.

ഹൈദരാബാദ് ഹൗസിൽ പുടിനായി ഉച്ചഭക്ഷണ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഉച്ചകോടിക്ക് ശേഷം വെള്ളിയാഴ്ച രാത്രിയോടെയായിരിക്കും പുടിൻ്റെ മടക്കം.

By admin