
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കായി പുതിയ’ലിങ്ക് എ റീൽ’ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. പുതിയ ഫീച്ചറിലൂടെ ഒന്നിലധികം വിഡിയോകൾ ഇനി ഒറ്റ സീരീസായി ലിങ്ക് ചെയ്യാം. കണ്ടന്റ് ക്രിയേറ്റേഴ്സ് തങ്ങളുടെ വിഡിയോകൾ ഇപ്പോൾ സീരീസായി പോസ്റ്റ് ചെയ്യുന്നത് വർധിച്ചതിനെ തുടർന്നാണ് ഇൻസ്റ്റാഗ്രാം ഈ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നത്.
സീരീസായി പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ബാക്കി ഭാഗങ്ങൾ കാണാനായി പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ സ്ക്രോളിംഗ് ചെയ്യാതെ തന്നെ വിഡിയോകൾ ലഭ്യമാകും. സന്ദർഭം, വിഷയം,തീം എന്നിവ അടിസ്ഥാനമാക്കിയാകും വീഡിയോ ക്രിയേറ്റേഴ്സിന് ഒരു റീലിനെ മറ്റൊന്നിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കുക. പുതിയതായി പോസ്റ്റ് ചെയ്യുന്ന റീലുകളും,പഴയ റീലുകളും ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷൻ പുതിയ ഫീച്ചറിലുണ്ട്. എന്നാൽ സബ്സ്ക്രൈബർ ഒൺലി റീലുകൾ ലിങ്ക് ചെയ്യാൻ സാധിക്കില്ല.
റീൽ ലിങ്ക് ചെയ്യുന്നതിനായി ക്യാപ്‌ഷൻ ബോക്‌സിന് താഴെയായി ലിങ്കിംഗ് ഓപ്‌ഷൻ ഉണ്ടാകും. ലിങ്ക് ചെയ്യാനായി അതിൽ ടാപ്പ് ചെയ്യുക. ഒരു സമയം ഒരു റീൽ മാത്രമേ ടാപ്പ് ചെയ്യാനാകൂ. ലിങ്ക് ചെയ്ത റീലിന് ടൈറ്റിൽ നൽകാം. ടൈറ്റിൽ എപ്പോൾ വേണമെങ്കിലും മാറ്റാനുള്ള ഓപ്‌ഷനും ഈ ഫീച്ചറിൽ ലഭ്യമാണ്.