• Mon. Oct 28th, 2024

24×7 Live News

Apdin News

റേച്ചല്‍ റീവ്‌സിന്റെ ബജറ്റിൽ നാഷണല്‍ ഇന്‍ഷുറന്‍സില്‍ 20 ബില്യണ്‍ പൗണ്ട് വര്‍ദ്ധനവ്? കാത്തിരിക്കുന്നത് വിമർശന പ്രളയം – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 28, 2024


Posted By: Nri Malayalee
October 27, 2024

സ്വന്തം ലേഖകൻ: ബജറ്റ് സാധാരണക്കാരനോടുള്ള യുദ്ധമായിരിക്കില്ല എന്നും, ലേബര്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടില്ല എന്നും കഴിഞ്ഞ ദിവസം രാത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത് ശുദ്ധ നുണയാണെന്ന ആരോപണം ഉയരുന്നു. തോഴിലാളികളുടെ നാഷണല്‍ ഇന്‍ഷുറന്‍സില്‍ 20 ബില്യണ്‍ പൗണ്ട് വര്‍ദ്ധനവ് വരുന്ന നയമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതോടൊപ്പം മറ്റ് നികുതി വര്‍ദ്ധനവുകളുടെ ഒരു കൂമ്പാരവും ഉണ്ടായിരിക്കും. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വരുമാന നികുതി എന്നിവ വര്‍ദ്ധിപ്പിക്കില്ലെന്ന് പറഞ്ഞ് വോട്ടര്‍മാരെ താന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന ആരോപണം സ്റ്റാര്‍മര്‍ നിഷേധിക്കുന്നു.

സൗത്ത് പസഫിക്കില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലാണ് 40 ബില്യന്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവും പൊതുചെലവില്‍ കുറവും വരുത്തിക്കൊണ്ടുള്ള ബജറ്റ് രൂപീകരിക്കുമ്പോള്‍ സാധാരണക്കാരായ ബ്രിട്ടീഷുകാരെ കുറിച്ച് ഓര്‍ത്തിരുന്നുവോ എന്ന ചോദ്യം ഉയര്‍ന്നത്. അതേസമയം, ഒന്നല്ല രണ്ട് കളവുകളാണ് സ്റ്റാര്‍മര്‍ പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ടോറി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന റോബര്‍ട്ട് ജെന്റിക് പറഞ്ഞത്. നികുതിയുമായി ബന്ധപ്പെട്ട മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചിട്ടില്ല എന്നത് ആദ്യ നുണയും, ബജറ്റ് ബ്രിട്ടനിലെ സാധാരണക്കാരന് ഒരു ഇരുട്ടടിയാകില്ല എന്നത് രണ്ടാമത്തെ നുണയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തൊഴിലാളികള്‍ക്ക് അധിക സാമ്പത്തിക ബാദ്ധ്യത വരുത്താന്‍ ആരും വോട്ട് ചെയ്തിട്ടില്ല. ഇതൊരു രാഷ്ട്രീയമായുള്ള തിരഞ്ഞെടുപ്പാണ്. തങ്ങള്‍ ഇതിനെ നേരിടും എന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് വോട്ടര്‍മാരോട് പച്ചക്കള്ളം പറഞ്ഞവരാണ് ലേബര്‍ പാര്‍ട്ടി എന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയിലെ ബജറ്റില്‍ ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സും ഇന്‍ഹെരിറ്റന്‍സ് ടാക്സും വര്‍ദ്ധിക്കുമെന്നും അതേസമയം, വിവിധ നിരക്കുകളില്‍ വരുമാന നികുതി അടക്കുന്നതിനുള്ള വരുമാനത്തിന്റെ പരിധികള്‍ ഉയര്‍ത്തില്ല എന്നും അറിയുന്നു. അടുത്ത കാലത്തായി വേതന വര്‍ദ്ധനവ് എല്ലാ മേഖലകളിലും ഉണ്ടായതിനാല്‍, ഇപ്പോള്‍ കൂടുതല്‍ പേര്‍ ഉയര്‍ന്ന നിരക്കിലുള്ള വരുമാന നികുതിക്ക് കീഴില്‍ വരുകയും ചെയ്യും.

ഈ നടപടികള്‍ ഇലക്ഷന്‍ പ്രക്രിയയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെ കുറിച്ചോര്‍ത്ത് ലേബര്‍ എം പിമാര്‍ ആശങ്കപ്പെടുമ്പോള്‍, വര്‍ഗ്ഗസമരം തിരിച്ചെത്തിയിരിക്കുകയാണെന്ന് മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടംഗ് കുറ്റപ്പെടുത്തുന്നു. തൊഴിലാളി വര്‍ഗ്ഗത്തെയും വീടുകള്‍ പണിയാന്‍ പണം നിക്ഷേപിക്കുന്നവരെയും വേര്‍തിരിച്ചു കണുന്ന വിഡ്ഢിത്തമാണ് ശുദ്ധമായ സോഷ്യലിസം എന്നും അദ്ദേഹം പരിഹസിച്ചു. നികുതി വര്‍ദ്ധിപ്പിക്കുകയും, പൊതു ചെലവ് വെട്ടിച്ചുരുക്കുകയും ചെയ്യുന്ന ലേബര്‍ പാര്‍ട്ടിയുടെ നയം തൊഴിലാളികളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഇന്‍ഷുറന്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നടപടി, പല സ്ഥാപനങ്ങളിലും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ മേധാവിയായ ജെയിംസ് റീഡ് പറയുന്നു. ചുരുങ്ങിയ പക്ഷം പുതിയ ജീവനക്കാരെ നിയമിക്കുന്നതിലെങ്കിലും കുറവ് വരും. അതിനിടയില്‍, സര്‍ക്കാരിന്റെ ചെലവ് ചൂരുക്കല്‍ നടപടി ഡാര്‍ട്ട്മൗത്തിലെ റോയല്‍ നേവല്‍ കോളേജിനെ ബാധിക്കുമെന്ന് സൈനിക വൃത്തങ്ങളും ആശങ്ക പ്രകടിപ്പിക്കുന്നു.

അതേസമയം, നികുതി വര്‍ദ്ധനവ് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നായിരുന്നു തങ്ങള്‍ വ്യക്തമാക്കിയിരുന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമൊവയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പറഞ്ഞു. അതുപോലെ നാഷണല്‍ ഇന്‍ഷുറന്‍സിലെ വര്‍ദ്ധനവ് വാഗ്ദാന ലംഘനമല്ലെന്നും, തങ്ങളുടെ വാഗ്ദാനങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന് മാത്രമുള്ളതാണെന്നും കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. നേരത്തെ സ്റ്റാര്‍മര്‍ തൊഴിലാളിവര്‍ഗ്ഗം എന്നതിന് നല്‍കിയിരുന്ന നിര്‍വചനം ഏറെ വിവാദമുയര്‍ത്തിയിരുന്നു.

By admin