Posted By: Nri Malayalee
December 26, 2024
സ്വന്തം ലേഖകൻ: ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്‍ക്കാറിന്റെ കര്‍ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന്‍ റെയ്ഡില്‍ കാര്‍ വാഷുകള്‍, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്.
ജൂലൈ മുതല്‍ നവംബര്‍ വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളാണ് നടത്തിയത്. അതിലൂടെ 770 പേരെ അറസ്റ്റു ചെയ്യുകയും 462 സ്ഥലങ്ങള്‍ക്ക് സിവില്‍ പെനാല്‍റ്റി നോട്ടീസും നല്‍കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തൊഴിലുടമകള്‍ക്ക് മേല്‍ ഒരു തൊഴിലാളിക്ക് 60,000 പൗണ്ട് വരെയാണ് പിഴ അടയ്‌ക്കേണ്ടി വരിക.
കെന്‍സിംഗ്ടണിലെ ഒരു ഹോട്ടലില്‍ അടുത്തിടെ നടത്തിയ ഒരു റെയ്ഡില്‍ അനധികൃതമായി ജോലി ചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ ആറ് ഏജന്‍സി ജീവനക്കാരെയും അഞ്ച് അനധികൃത ജോലിക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. അതില്‍ ഒരാളുടെ വീസ കാലാവധി കഴിഞ്ഞതായും തിരിച്ചറിഞ്ഞു. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കുകയും അഭയാര്‍ത്ഥി സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യുക അതിര്‍ത്തി സുരക്ഷയ്ക്കും അഭയത്തിനും പ്രധാനമാണെന്ന് മന്ത്രി ഡാം ആഞ്ചല ഈഗിള്‍ എംപി പറഞ്ഞു.
അതുകൊണ്ടാണ് രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനും ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്ന തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നവരുടെ നിയമവിരുദ്ധമായ ജോലികള്‍ തടയുന്നതും.
തിരഞ്ഞെടുപ്പ് മുതല്‍ തന്നെ അറസ്റ്റുകളും എന്‍ഫോഴ്സ്മെന്റ് റെയ്ഡുകളും വര്‍ദ്ധിച്ചിരുന്നു. കാര്‍ വാഷ്, നെയില്‍ ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ എന്നിവ ലക്ഷ്യമിട്ട് അനധികൃത തൊഴിലാളികളെ നിയമിക്കുകയും കുറഞ്ഞ വേതനത്തില്‍ നിയമവിരുദ്ധമായി ജോലി നല്‍കുകയും ചെയ്യുന്നതിലാണ് റെയ്ഡ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രവര്‍ത്തനം തൊഴിലുടമകളെ നിലയ്ക്ക് നിര്‍ത്തുന്നതിലും മോശമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ നല്‍കുന്നതെന്ന് ഹോം ഓഫീസിലെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, കംപ്ലയന്‍സ്, ക്രൈം ഡയറക്ടര്‍ എഡി മോണ്ട്ഗോമറി പറഞ്ഞു.