• Mon. Apr 21st, 2025

24×7 Live News

Apdin News

ലഹരി കേസിൽ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ല; മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്ന് പൊലീസ്

Byadmin

Apr 20, 2025





കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ച ശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക.

അതേസമയം, ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമോപദേശം. പൊലീസ് ചുമത്തിയ വകുപ്പുകള്‍ ദുര്‍ബലമാണെന്നും ലഹരി കണ്ടെടുക്കാത്തതിനാല്‍ കോടതിയില്‍ കേസ് പൊളിയുമെന്നുമാണ് ഷൈനിന്‍റെ അഭിഭാഷകരുടെ വിലയിരുത്തല്‍. എന്നാല്‍, കേസ് ബലപ്പെടുത്താന്‍ ഷൈനിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടെ, സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ഷൈനിന്‍റെ മൊഴിയും പുറത്തുവന്നു.

എന്നാല്‍, എഫ്ഐആര്‍ റദ്ദാക്കാന്‍ തിടുക്കത്തില്‍ കോടതിയെ സമീപിക്കേണ്ടെന്ന നിയമോപദേശമാണ് ഷൈനിന് കിട്ടിയിരിക്കുന്നത്. ഷൈനിന്‍റെ മുടിയുടെയും ശരീര സ്രവങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലം വരാന്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ സമയമെടുത്തേക്കും. പരിശോധനാ ഫലം നെഗറ്റീവെങ്കില്‍ ആ ഘട്ടത്തില്‍ കോടതിയെ സമീപിച്ച് എഫ്ഐആര്‍ റദ്ദാക്കാമെന്നാണ് അഭിഭാഷകര്‍ ഷൈനിനെയും കുടുംബത്തെയും അറിയിച്ചിരിക്കുന്നത്.

2000 മുതൽ 5000 വരെ, ചില വ്യക്തികൾക്ക് മാത്രം

2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയില്‍ ചില വ്യക്തികള്‍ക്ക് ഷൈന്‍ പണം കൈമാറിയതിന്‍റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. പലര്‍ക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ ഇടപാടുകള്‍ക്ക് പിന്നില്‍ ലഹരി കൈമാറ്റം ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം എതിരായാലും ഷൈനിന്‍റെ ലഹരി ഉപയോഗം തെളിയിക്കാനുള്ള മറ്റ് തെളിവുകള്‍ സമാഹരിക്കാനാണ് പൊലീസ് ശ്രമം. ലഹരി വിമുക്തി കേന്ദ്രത്തില്‍ ചികിത്സ നല്‍കാമെന്ന വാഗ്ദാനം പൊലീസ് നല്‍കിയെങ്കിലും ഷൈന്‍ സന്നദ്ധത അറിയിച്ചിട്ടില്ല. അടുത്ത ദിവസത്തെ ചോദ്യം ചെയ്യലില്‍ ഈ നിര്‍ദേശം പൊലീസ് വീണ്ടും മുന്നോട്ട് വയ്ക്കും. സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമെങ്കിലും തനിക്കും മറ്റൊരു നടനും മാത്രമാണ് ഇതിന്‍റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നതെന്ന പരിഭവവും ഷൈന്‍ പൊലീസിനോട് പങ്കുവച്ചിട്ടുണ്ട്.



By admin