• Wed. Nov 6th, 2024

24×7 Live News

Apdin News

ലേബറിന്റെ അടുത്ത അടി വിദ്യാർഥികൾക്ക്; യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടായി വർദ്ധിപ്പിച്ചു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 6, 2024


Posted By: Nri Malayalee
November 5, 2024

സ്വന്തം ലേഖകൻ: ഭരണത്തിലെത്തിയ ശേഷം കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ് ലേബര്‍ ഗവണ്‍മെന്റ്. ജനങ്ങളുടെ പോക്കറ്റില്‍ നിന്നും പരമാവധി പണം ഖജനാവിലേക്ക് എത്തിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് തിരിച്ചടി നേരിടുന്നത് .

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് 9535 പൗണ്ടിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സ്റ്റുഡന്റ് വീസകള്‍ക്ക് പാരവെച്ച് വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് തടഞ്ഞതോടെ നടുവൊടിഞ്ഞ യൂണിവേഴ്‌സിറ്റികള്‍ക്ക് കൈസഹായം നല്‍കാനാണ് ഈ നീക്കം. 2020-ല്‍ പാര്‍ട്ടി നേതാവാകാന്‍ പ്രചരണം നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് റദ്ദാക്കണമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍.

ബ്രിട്ടന്റെ മധ്യവര്‍ഗ്ഗത്തിന് എതിരായ പുതിയ അക്രമമെന്നാണ് വിമര്‍ശകര്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് വര്‍ധനവിനെ വിശേഷിപ്പിക്കുന്നത്. ബിസിനസ്സുകളെയും, പ്രൈവറ്റ് സ്‌കൂളുകളെയും, കര്‍ഷകരെയും ലക്ഷ്യമിട്ട് 40 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബ് പൊട്ടിച്ച ബജറ്റ് അവതരണത്തിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ആഭ്യന്തര വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്ന 9250 പൗണ്ട് ഫീസ് അടുത്ത വര്‍ഷം 9535 പൗണ്ടിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രഖ്യാപനത്തോടെ മൂന്ന് വര്‍ഷത്തെ ഡിഗ്രി ചെലവ് 855 പൗണ്ട് ഉയര്‍ന്ന് 28,605 പൗണ്ടിലേക്ക് എത്തും. എന്നാല്‍ യൂണിവേഴ്‌സിറ്റികളുടെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാനുള്ള ശ്രമം വെറും പ്ലാസ്റ്റര്‍ ഒട്ടിക്കല്‍ മാത്രമാണെന്ന് എന്‍യുഎസ് വൈസ് പ്രസിഡന്റ് അലക്‌സ് സ്റ്റാന്‍ലി വ്യക്തമാക്കി.

കുടിയേറ്റ നിയന്ത്രണ നടപടി മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ യൂണിവേഴ്‌സിറ്റികള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. അതിനു ആശ്വാസം പകരാനാണ് തദ്ദേശ വിദ്യാര്‍ത്ഥികളുടെ ഫീസ് കൂട്ടിയത്.

By admin