• Sat. Dec 28th, 2024

24×7 Live News

Apdin News

ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി

Byadmin

Dec 27, 2024


ആസിഡ് ആക്രമണം, ലൈംഗികാതിക്രമവും അതിജീവിച്ചവർക്ക് സ്വകാര്യ സർക്കാർ ആശുപത്രികൾ സൗജന്യമായി ചികിത്സകൾ നൽകണമെന്ന് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ പ്രതിബ സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ വിധി.

ലൈംഗികാതിക്രമവും ആസിഡ് ആക്രമണവും അതിജീവിച്ചവർ മെഡിക്കൽ സൗകര്യം, ഡയഗ്‌നോസ്റ്റിക് സൗകര്യം, നഴ്‌സിംഗ് ഹോം, ആശുപത്രി, ക്ലിനിക്ക് തുടങ്ങിയവയ്ക്കായി സമീപിച്ചാൽ , “അത്തരം ഇരയ്ക്ക്/അതിജീവിതമാർക്ക് സൗജന്യ ചികിത്സ നൽകാതെ തിരിച്ചയക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. പ്രഥമശുശ്രൂഷ, രോഗനിർണ്ണയ പരിശോധനകൾ, ലാബ് പരിശോധനകൾ, ശസ്ത്രക്രിയകൾ കൂടാതെ ആവശ്യമായ മറ്റേതെങ്കിലും മെഡിക്കൽ ഇടപെടലുകളെല്ലാം അവരുടെയും നിയമപരമായ അവകാശ”മാണെന്ന് കോടതി ആവർത്തിച്ചു.

എന്നാൽ ബിഎൻഎസ്എസ് അല്ലെങ്കിൽ സിആർപിസിക്ക് കീഴിലുള്ള വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, ചികിത്സ ലഭിക്കുന്നതില്‍ അതിജീവിതര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമം, ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് ആക്രമണങ്ങൾ നേരിട്ടവർ എന്നിവർക്ക് സൗജന്യ ചികിത്സ നല്കുന്ന കാര്യം എല്ലാ ആശുപത്രികളുടെയും പ്രവേശന കവാടത്തിലും റിസപ്ഷനിലും കൗണ്ടറുകളിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമായി എഴുതി ഒരു ബോർഡ് സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വൈദ്യചികിത്സ നൽകാൻ ആശുപത്രികളോ ഡോക്ടർമാരോ വിസമ്മതിക്കുന്നതായി പൊലീസ് കണ്ടെത്തിയാൽ, BNS 2023-ലെ സെക്ഷൻ 200 (സെക്ഷൻ) പ്രകാരം ഉടൻ തന്നെ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

അതേസമയം, ഇരകൾക്ക് ആവശ്യമായ ചികിത്സ നൽകാതെ തിരിച്ചുവിടുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിക്കുമെന്ന കാര്യം മെഡിക്കൽ സ്ഥാപനങ്ങളുടെ മാനേജ്മെൻ്റ് പ്രത്യേക സർക്കുലറുകൾ ഇറക്കി പ്രസിദ്ധീകരിക്കണമെന്നും വൈദ്യചികിത്സ നൽകാതിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും കോടതി ഓർമിപ്പിച്ചു. ഡോക്‌ടർമാർ, അഡ്മിനിസ്‌ട്രേഷൻ, ഓഫീസർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.

By admin