Posted By: Nri Malayalee
December 31, 2021

സ്വന്തം ലേഖകൻ: ഒമിക്രോൺ ബാധ പലയിടത്തേക്കും വ്യാപിക്കുമ്പോൾ ശൈത്യകാല കൊറോണ ബാധ കൂടുന്നതായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ കഴിഞ്ഞ ഒരാഴ്ച 70 ലക്ഷം പേർക്ക് കൊറോണ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം 10 ലക്ഷം പേർക്ക് വൈറസ് ബാധിച്ചെന്നതും ആശങ്കയാണെന്നും ഡബ്ലു.എച്ച്.ഒ പറയുന്നു.
ഗ്രീസ് മുതൽ മെക്‌സിക്കോ വരേയും ബാഴ്‌സലോണ മുതൽ ബാലിവരേയും യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിച്ചെന്നാണ് ലോകാരോഗ്യ സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ക്രിസ്തുമസ് മുതൽ ലോകമെമ്പാടും നടക്കുന്ന ആഘോഷങ്ങൾക്കെല്ലാം പുതുവത്സര ദിനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഫ്രാൻസിൽ മാസ്‌കുകൾ വീണ്ടും നിർബന്ധമാക്കിയെന്നും 11 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പൊതു ആഘോഷങ്ങളിൽ അനുവാദമുള്ളുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിശാക്ലബ്ബുകളെല്ലാം രാത്രി പ്രവർത്തിക്കാനാകാത്ത തരത്തിലാണ് നിയന്ത്രണം. സ്‌പെയിൻ എല്ലാ പൊതു ആഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയെങ്കിലും മാഡ്രിഡിലെ ആഘോഷം 7000 പേർക്ക് മാത്രം പ്രവേശനം നൽകി നടത്താനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
കൊറോണവ്യാപനത്തിലെ ആദ്യ ഘട്ടത്തിലെ പോലെ പൊതു ചികിത്സാ കേന്ദ്രങ്ങളും മൊബൈൽ സംവിധാനങ്ങളും ഒരുക്കിയാണ് ബ്രിട്ടൺ ഒമിക്രോണിനെ നേരിടുന്നത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം 11,452 ആയിക്കഴിഞ്ഞു. ദ്വീപു രാജ്യങ്ങളിൽ ഇന്തോനേഷ്യയാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. 40 ലക്ഷം പേർക്കാണ് രോഗംബാധിച്ചിരിക്കുന്നത്.
യൂറോപ്പിനൊപ്പം ഏഷ്യയിലും മദ്ധ്യേഷ്യയിലും നിയന്ത്രണമാണ്. റഷ്യ പുതുവത്സരത്തിൽ അരലക്ഷം രോഗികളുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. സൗദി അറേബ്യ പൊതു സ്ഥലത്ത് ഒത്തുകൂടുന്നിടത്ത് സാമൂഹ്യ അകലം കർശനമാക്കിയെന്നാണ് റിപ്പോർട്ട്.
ഒമിക്രോൺ ബാധ രൂക്ഷമാകുന്നതിനിടെ അമേരിക്കയെ പ്രതിസന്ധിയിലാക്കി കുട്ടികൾക്കിടയിൽ കൊറോണ പടരുന്നു. ശിശുപരിചരണ വിഭാഗങ്ങളിൽ രണ്ടു ലക്ഷത്തി ലധികം കുട്ടികൾ ചികിത്സതേടിയെന്നാണ് വിവരം.
ശൈത്യകാലത്തെ പ്രതിസന്ധിയിലാക്കി അമേരിക്കയിൽ വൈറസ് ബാധ രൂക്ഷമാകു ന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികളിലെ വാക്‌സിനേഷൻ അതിവേഗമാ ക്കാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം. ഒമിക്രോൺ വ്യാപിക്കുന്നുണ്ടെങ്കിലും രോഗം രൂക്ഷമാകാത്തതിന്റെ ആശ്വാസത്തിലിരിക്കേയാണ് കുട്ടികളിലെ വൈറസ് ബാധ രൂക്ഷമാകുന്നത്.
ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്ന കുട്ടികളിൽ 17 വയസ്സുവരെയുള്ളവരുടെ എണ്ണത്തിലാണ് വർദ്ധനയുണ്ടായിട്ടുള്ളത്. യുവാക്കളിൽ 18നും 29നും ഇടയിലു്ള്ളവർക്കാണ് രോഗം രൂക്ഷമായത്. 18 വയസ്സിന് താഴെയുള്ളവരിൽ 803 പേർ ഇതുവരെ മരണപ്പെട്ടുവെന്നും ടെക്‌സാസ് ആരോഗ്യവകുപ്പ് അറിയിച്ചു.