മനാമ: ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ ബഹ്റൈന്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം നടന്നു. ലോകമെമ്പാടുമുള്ള കേരളീയ പ്രവാസികളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാനും ആശയ കൈമാറ്റത്തിനും പ്രൊഫഷണല്‍ കൂട്ടായ്മകള്‍ക്കും ബിസിനസ്, തൊഴിലവസരങ്ങള്‍ കണ്ടെത്താനും സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും രൂപകല്‍പന ചെയ്തിരിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണിത്.
ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലോകകേരള സഭ അംഗവും കേരളീയ സമാജം പ്രസിഡന്റുമായ പിവി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. നോര്‍ക്ക-റൂട്ട്സ് സിഇഒ ശ്രീ.അജിത് കൊളശ്ശേരി, ലോക കേരളസഭാ കോഡിനേറ്റര്‍ അഖില്‍ സിഎസ്, അഭിജിത് വിജി എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.
ബഹ്റൈന്‍ കേരളീയ സമാജം ബാബുരാജ് ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് ലോകകേരള സഭാംഗങ്ങളായ സിവി നാരായണന്‍ അധ്യക്ഷത വഹിക്കുകയും സുബൈര്‍ കണ്ണൂര്‍ സ്വാഗവും ഷാജി മൂതല നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആദ്യഘട്ടമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെന്നും രണ്ടാഘട്ടത്തില്‍ കൂടുതല്‍ സേവനങ്ങളും സാധ്യതകളും ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയെണെന്നും നോര്‍ക്ക-റൂട്ട്സ് സിഇഒ അജിത് കൊളശ്ശേരി അറിയിച്ചു. പൂര്‍ണമായും പ്രവാസികളെ കേരളവുമായും കേരളത്തെ പ്രവാസികളുമായും ബന്ധിപ്പിക്കുന്ന ഒരു ഇടമാക്കി ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ-സ്മാര്‍ട്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ഡിജിറ്റല്‍ സര്‍വീസുകള്‍, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍, ആയുഷ് വഴിയുള്ള ആയുര്‍വേദ കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് തുടങ്ങി നിരവധിയായ സേവനങ്ങള്‍ പ്രവാസികള്‍ക്കായി പോര്‍ട്ടല്‍ വഴി ലഭിക്കും. ഒപ്പം സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ജോലി, ബിസിനസ് അവസരങ്ങള്‍, സാംസ്‌കാരിക കൈമാറ്റത്തിനും പ്രദര്‍ശത്തിനുമുള്ള ഒരു ഇടമാക്കി മാറ്റുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഈ പോര്‍ട്ടല്‍ മുന്നോട്ട്‌വയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കേരള സഭ സാങ്കേതിക വിഭാഗം പ്രതിനിധി അഭിജിത് വിജി പോര്‍ട്ടലിന്റെ വിശദമായ അവതരണം നടത്തി രജിസ്ട്രേഷന്‍ പ്രക്രിയകള്‍ വിവരിച്ചു. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പിവി രാധാകൃഷ്ണപിള്ള, പി ശ്രീജിത്ത്, എപി ഫൈസല്‍, കെടി സലിം, ബിനു കുന്നന്താനം, എന്‍വി ലിവിന്‍ കുമാര്‍, മിജോഷ് മൊറാഴ, എകെ സുഹൈല്‍, ബദറുദീന്‍ പൂവാര്‍, അഷ്റഫ് സിഎച്ച്, ഷബീര്‍ മാഹി, ഷിബു പത്തനംത്തിട്ട, മുഹമ്മദ് കോയിവിള എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു. ലോകകേരള സഭ പ്രതിനിധി അഭിജിത്ത് സിവി സംശയങ്ങള്‍ക്ക് മറുപടി നല്‍കി. രജിസ്ട്രേഷന്‍ പ്രക്രിയകളില്‍ പൂര്‍ണ്ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
ബഹ്റൈനിലെ അമ്പതോളം സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്ക് ലോക കേരള സഭാ അംഗങ്ങളായ സിവി നാരായണന്‍, പിവി രാധാകൃഷ്ണപിള്ള, സുബൈര്‍ കണ്ണൂര്‍, പി ശ്രീജിത്ത്, ഷാജി മൂതല, ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുകയും എന്‍വി ലിവിന്‍ കുമാര്‍ ഏകോപനം നിര്‍വഹിക്കുകയും ചെയ്തു.
ബഹ്റൈനിലെ മുഴുവന്‍ പ്രവാസി മലയാളികളും www.lokakeralamonline.kerala.gov.in എന്ന ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.
The post ‘ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍’ രജിസ്ട്രേഷന്‍ ക്യാംപെയ്ന്‍ ഉദ്ഘാടനം നടന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.