
തിരുവനന്തപുരം : കെ സ്മാർട്ടിലൂടെ കേരളം ഡബിൾ സ്മാർട്ടാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഓൺലൈനായി ലോകത്തെവിടെയിരുന്നും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള കെ സ്മാർട്ടിന്റെ വീഡിയോ കെ വൈസി പദ്ധതിയെപ്പറ്റി മന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. കെ സ്മാർട്ടിലെ വീഡിയോ കെവൈസി വഴി വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റർ ചെയ്യാം. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല. ഒരേ സമയത്ത് ഓൺലൈനിൽ വരണമെന്ന് പോലും നിർബന്ധമില്ല.
രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയത് കെ സ്മാർട്ടിലൂടെ കേരളമാണ്. നഗരങ്ങളിൽ 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനിൽ 21344 ഉം ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തിയാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നില്ല. പ്രവാസികൾക്ക് മാത്രമല്ല, നാട്ടിൽ ജീവിക്കുന്നവർക്കും ഈ സേവനം ഏറെ പ്രയോജനപ്രദമാണ്- മന്ത്രി കുറിച്ചു. ഇതുൾപ്പെടെയുള്ള കെ സ്മാർട്ട് സേവനങ്ങൾ ഏപ്രിൽ 10 മുതൽ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.