• Sat. Jul 11th, 2026

24×7 Live News

Apdin News

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ വ്യത്യാസം

Byadmin

Jul 11, 2026


ന്യൂഡൽഹി: പൊതു-ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗാനമായ ‘ജനഗണമന’യും ദേശീയഗീതമായ ‘വന്ദേമാതര’വും ഒരുമിച്ച് ആലപിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. ഇത്തരം ചടങ്ങുകളിൽ ദേശീയഗാനത്തിന് തൊട്ടുമുമ്പ് ദേശീയഗീതമായ വന്ദേമാതരം നിർബന്ധമായും ആലപിച്ചിരിക്കണമെന്ന് കേന്ദ്രം നിർദ്ദേശിക്കുന്നു.

ചടങ്ങുകളിൽ സംസ്ഥാന ഗാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ പോലും, വന്ദേമാതരം ആദ്യം ആലപിച്ചതിന് ശേഷം മാത്രമേ ദേശീയഗാനം ആലപിക്കാവൂ എന്ന കർശനമായ ക്രമമാണ് പുതുക്കിയ നിർദ്ദേശത്തിൽ ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. രാജ്യത്തുടനീളം ഒരേ രീതിയിലുള്ള ആദരവും അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ഈ ഉത്തരവ് എല്ലാ കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വന്ദേമാതരത്തിന്റെ ഔദ്യോഗിക പതിപ്പ് ആലപിക്കാൻ ഏകദേശം 3 മിനിറ്റും 10 സെക്കൻഡും സമയമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ സമയത്ത് ദേശീയഗാനത്തിന് നൽകുന്ന അതേ ആദരവോടെ സദസ്യർ എഴുന്നേറ്റ് നിൽക്കേണ്ടതാണ്. എന്നാൽ ഡോക്യുമെന്ററികളിലോ വാർത്താചിത്രങ്ങളിലോ പ്രദർശനങ്ങളിലോ തിയേറ്ററുകളിലോ ഇത് പ്ലേ ചെയ്യുമ്പോൾ ആളുകൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ എഴുന്നേറ്റ് നിൽക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

സൈനിക അല്ലെങ്കിൽ പോലീസ് ബാൻഡുകൾ ഇത് അവതരിപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട പ്രത്യേക സംഗീത ക്രമീകരണങ്ങളും ഉത്തരവിലുണ്ട്. കൂടാതെ, രാജ്യത്തെ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദിവസേനയുള്ള പ്രാർത്ഥനയ്ക്കൊപ്പം വന്ദേമാതരം കൂടി ഉൾപ്പെടുത്താൻ കേന്ദ്രം നിർദ്ദേശിക്കുന്നു. ദേശീയ പ്രതീകങ്ങളോടുള്ള ആദരവ് കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

By admin