• Wed. Sep 3rd, 2025

24×7 Live News

Apdin News

വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു: സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി

Byadmin

Sep 3, 2025





കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി എംപി. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ അഭ്യര്‍ത്ഥനയും രാഹുല്‍ ഗാന്ധിയുടെ നിരന്തര പരിശ്രമവും ഫലം കണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.

‘ഞങ്ങളുടെ അഭ്യര്‍ത്ഥന കേട്ടതിനും വയനാട്ടിലെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടി ഏറ്റവും സ്വാഗതാര്‍ഹമായ നടപടി സ്വീകരിച്ചതിന് ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. നിര്‍മ്മാണം വേഗത്തിലാക്കാനും എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനും വേണ്ട എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏറ്റവും ആവശ്യമുളളവരുടെ വികസനവും പുരോഗതിയുമെന്ന പൊതുലക്ഷ്യത്തിനായി നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഈ ഒരു നിമിഷത്തിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്ന എന്റെ എല്ലാ സഹോദരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍’: പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കു കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വയനാട്, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍എംസി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുളള അടിസ്ഥാന സൗകര്യങ്ങളും അക്കാഡമിക് സൗകര്യങ്ങളും ഒരുക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്.



By admin