വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. എ.ഐ.സി.സി.യാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നിലവിൽ കൽപ്പറ്റ നഗരസഭ ചെയർമാനാണ് അഡ്വ. ഐസക്. അദ്ദേഹം ഉടൻ തന്നെ ഈ സ്ഥാനം രാജിവെക്കും. വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ എൻ.ഡി. അപ്പച്ചനെ എ.ഐ.സി.സി. അംഗമായും നിയമിച്ചിട്ടുണ്ട്.
കെ.എസ്.യു.വിലൂടെയാണ് അഡ്വ. ടി.ജെ. ഐസക് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ഡി.സി.സി. ജനറൽ സെക്രട്ടറി, കെ.പി.സി.സി. സെക്രട്ടറി തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൽപ്പറ്റ നഗരസഭയിൽ 13 വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചിരുന്നു. ശേഷം ടി.ജെ ഐസക്കിനായിരുന്നു താൽക്കാലിക ചുമതല.
വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.