റിയാദ്: ഷോപ്പിങ്ങിനും മറ്റും പേയ്‌മെന്‍റ് നടത്തുന്നതിനുള്ള ലളിത മാർഗമായ ‘ഗൂഗിൾ പേ’ സംവിധാനം സൗദി അറേബ്യയിലും യാഥാർഥ്യമാവുന്നു. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചു. ദേശീയ പേയ്‌മെൻറ് സംവിധാനമായ ‘mada’ വഴി 2025ൽ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിെൻറ ഡിജിറ്റൽ പേയ്‌മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി സൗദി സെൻട്രൽ ബാങ്കിെൻറ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സൗദിയിലെത്തുന്നത്. ഷോപ്പുകളിലും ആപ്പുകളിലും വെബിലും മറ്റുമുള്ള ക്രയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്‌മെൻറ് രീതി ഗൂഗിൾ പേ പദ്ധതിയിലൂടെ ഉപയോക്താക്കൾക്ക് നൽകാനാവും. ഗൂഗിൾ വാലറ്റിൽ ഉപയോക്താക്കൾക്ക് അവരുടെ mada കാർഡുകൾ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന നൂതന ഡിജിറ്റൽ പേയ്‌മെൻറ് പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത ഒരു സമൂഹത്തിലേക്കുള്ള രാജ്യത്തിെൻറ പരിവർത്തനം സുഗമമാക്കുന്ന, ശക്തമായ ഡിജിറ്റൽ പേയ്‌മെൻറ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള സൗദി സെൻട്രൽ ബാങ്കിെൻറ പ്രതിബദ്ധത ഇത് അടിവരയിടുന്നു.