വര്‍ഗീയപരാമര്‍ശത്തില്‍ ബിജെപി നേതാവും, ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ആണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക വികാരം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍.
ജനപ്രാതിനിധ്യ നിയമം, 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് പരാതിയില്‍ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് അഭ്യര്‍ഥിക്കാന്‍ പാടില്ല, പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന, മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആറിട്ട് കേസെടുക്കുകയും ചെയ്തു.
അതേസമയം, ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്തിയിട്ടില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതിനിടെ വിവാദപരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ലെന്നാണ് ഇന്ന് നടത്തിയ പരാമര്‍ശം. ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി.
കൊടുങ്ങല്ലൂരില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച ഗോപാലകൃഷ്ണന്‍ ഒടുവില്‍ ശക്തമായ ഇടതു വേരുള്ള മണ്ഡലത്തില്‍ എത്തിയ ഉടനെ തന്നെ ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ ശൈലിയില്‍ പ്രചാരണം തുടങ്ങുകയായിരുന്നു.