ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടമായിരിക്കുന്നത്.
ഈ കഴിഞ്ഞ ജനുവരി അഞ്ചിനാണ് രസകരമായ സംഭവം നടക്കുന്നത്. ഒൻപത് പൂച്ചകളോടൊപ്പം താമസിക്കുന്ന യുവതി തന്റെ ജോലി രാജിവയ്ക്കാനായി തീരുമാനിക്കുകയും അതിനായി ലാപ്ടോപ്പിൽ മെയിൽ തയ്യാറാകുകയും ചെയ്തു, പിന്നീടാണ് തന്റെയും പൂച്ചകളുടെയും ചിലവിനായി ഈ ജോലി ആവശ്യമാണെന്ന് തോന്നിയത്, അങ്ങനെ സന്ദേശം അയക്കാൻ മടിച്ചിരുന്ന യുവതിയ്ക്ക് മുന്നിലേക്ക് അപ്രതീക്ഷിത നീക്കവുമായി വളർത്തുപൂച്ച എത്തുകയായിരുന്നു.
പൂച്ച പെട്ടെന്ന് അവളുടെ മേശപ്പുറത്തേക്ക് ചാടി കയറി ലാപ്‌ടോപ്പിലെ എൻ്റർ ബട്ടൺ അമർത്തി. ഇതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും മെയിൽ കമ്പനി സ്വീകരിച്ചതിന്റെ ഭാഗമായി യുവതിക്ക് ജോലിയും വർഷാവസാനം ലഭിക്കാനുള്ള ബോണസും നഷ്ടപ്പെടുകയും ചെയ്തു.