
മികച്ച ബോക്സോഫീസ് വിജയവും നിരൂപക പ്രശംസയും നേടിയ ‘ചിത്ത’ എന്ന ചിത്രത്തിന് ശേഷം ചിയാൻ വിക്രത്തെ നായകനാക്കി അരുൺ കുമാർ സംവിധാനം ചെയ്യുന്ന ‘വീര ധീര സൂരനി’ലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ആത്തി അടി ആത്തി’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറും, സാധികയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
3 മിനുട്ടിനടുത്ത് മാത്രം ദൈർഘ്യമുള്ള ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിവേകാണ്. വിക്രത്തിന്റെ കഥാപാത്രത്തിന്റെയും നായികയുടെയും വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ലിറിക്കൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനകം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഗ്രാമ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു വിജിലാന്റി ആക്ഷൻ ത്രില്ലർ ചിത്രമാകും ‘വീര ധീര സൂരൻ’ എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്.
വീര ധീര സൂരൻ : പാർട് 2 എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിന്റെ പ്രീക്വൽ ആയ വീര ധീര സൂരൻ : പാർട്ടി വൺ പിന്നീട് ആവും റിലീസ് ചെയ്യുക. ഒന്നാം ഭാഗത്തിനും മുൻപേ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകത. ചിത്രത്തിൽ വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സിദ്ധിഖ്, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
എച്ച്.ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വർ ആണ്. പ്രസന്ന ജി.കെ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം മാർച്ച് 27 ന് റിലീസ് ചെയ്യും.