
മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ മുംബൈ ഇന്ത‍്യൻസിന് 54 റൺസ് ജയം. നിശ്ചിത 20 ഓവറിൽ മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ‍്യം ലഖ്നൗവിന് മറികടക്കാനായില്ല. ലഖ്നൗവിന്‍റെ ഇന്നിങ്സ് 20 ഓവറിൽ 161 റൺസിൽ അവസാനിച്ചു.
21 പന്തിൽ മൂന്നു സിക്സറും ഒരു ബൗണ്ടറിയും അടക്കം 35 റൺസ് നേടിയ ആയുഷ് ബദോനിയാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറർ. ആയുഷിന് പുറമെ മിച്ചൽ മാർഷ് (34), നിക്കൊളാസ് പുരാൻ (27), ഡേവിഡ് മില്ലർ (24) എന്നിവർക്കു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.
പവർ പ്ലേ പൂർത്തിയാവുന്നതിനു മുമ്പേ തന്നെ ലഖ്നൗവിന് ഓപ്പണർ ഐഡൻ മാർക്രം (9), നിക്കൊളാസ് പുരാൻ എന്നിവരുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ നായകൻ ഋഷഭ് പന്തും (4) പുറത്തായതോടെ ലഖ്നൗ പ്രതിരോധത്തിലായി. ടീമിനെ മിച്ചൽ മാർഷ് കരകയറ്റാൻ ശ്രമിച്ചെങ്കിലും പോരാട്ടം 35 റൺസിൽ അവസാനിക്കുകയായിരുന്നു.
പിന്നീട് ആയുഷ് ബദോനിയും ഡേവിഡ് മില്ലറും രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും ആയുഷിന്‍റെ വിക്കറ്റ് പിഴുതെടുത്തുക്കൊണ്ട് ട്രെൻഡ് ബൗൾട്ട് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. ഡേവിഡ് മില്ലറുടെ വൺമാൻ ഷോ ബുംറയും അവസാനിപ്പിച്ചതോടെ ലഖ്നൗവിന്‍റെ വിജയ പ്രതീക്ഷ അസ്തമിച്ചു.
മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ നാലും, ട്രെൻഡ് ബൗൾട്ട്, വിൽ ജാക്ക്സ് എന്നിവർ രണ്ട് വീതവും കോർബൻ ബോഷ് ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത‍്യൻസ് ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 215 റൺസ് നേടി. 32 പന്തിൽ 6 ബൗണ്ടറിയും 4 സിക്സറും അടക്കം 58 റൺസ് നേടിയ ഓപ്പണർ റ‍്യാൻ റിക്കിൾടണാണ് മുംബൈയുടെ ടോപ് സ്കോറർ. റിക്കിൾടണിനു പുറമെ സൂര‍്യകുമാർ യാദവിനു (54) മാത്രമാണ് അർധസെഞ്ചുറി നേടാനായത്. ലഖ്നൗവിനു വേണ്ടി മായങ്ക് യാദവ്, ആവേശ് ഖാൻ എന്നിവർ രണ്ടും പ്രിൻസ് യാദവ്, ദിഗ്‌വേഷ് രഥി, രവി ബിഷ്ണോയി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവർ പ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലായിരുന്നു ടീം സ്കോർ. ഓപ്പണിങ് ബാറ്റർ രോഹിത് ശർമയുടെ വിക്കറ്റാണ് പവർ പ്ലേയിൽ നഷ്ടമായത്. 5 പന്തുകൾ നേരിട്ട രോഹിത് 12 റൺസെടുത്ത് പുറത്താവുകയായിരുന്നു. മായങ്ക് യാദവാണ് രോഹിത്തിനെ പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ വിൽ ജാക്ക്സിനൊപ്പം (29) ചേർന്ന് റിക്കിൾടൺ റൺനില ഉയർത്തി. ഇരുവരും ചേർന്ന് 50 റൺസാണ് കൂട്ടുകെട്ട് നേടിയത്.
റിക്കിൾടണിനെ പുറത്താക്കിക്കൊണ്ട് ദിഗ്‌വേഷ് രഥി കൂട്ടുകെട്ട് തകർത്തു. ഇതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 88 റൺസെന്ന നിലയിലായി ടീം. തുടർന്ന് വിൽ ജാക്ക്സിന്‍റെ വിക്കറ്റ് പ്രിൻസ് യാദവ് പിഴുതെടുത്തതോടെ മുംബൈ പ്രതിരോധത്തിലായെങ്കിലും സൂര‍്യകുമാർ യാദവ് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചു. അവസാന ഓവറുകളിൽ നമൻ ധീർ (25), കോർബിൻ ബോഷ് (20) എന്നിവർ ഭേദപ്പെട്ട പ്രകടനവും കാഴ്ചവച്ചതോടെ മുംബൈ 215 റൺസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു.