Posted By: Nri Malayalee
February 10, 2025
![](https://i0.wp.com/www.nrimalayalee.com/wp-content/uploads/2025/01/Screenshot-2025-01-24-165018.png?resize=565%2C364)
സ്വന്തം ലേഖകൻ: ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികള്‍ പരിഷ്‌കരിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്. 2014ലെ ഒമാനി പൗരത്വ നിയവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ച ശേഷമാണ് രാജകീയ ഉത്തരവ് പ്രഖ്യാപിച്ചത്. പൊതുതാത്പര്യവും മുന്‍നിര്‍ത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ആഭ്യന്തര മന്ത്രാലയത്തിലാണ് സമര്‍പ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകള്‍ പഠിക്കുകയും ചട്ടങ്ങളില്‍ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനം കൈക്കൊള്ളുകയും ചെയ്യും. കാരണങ്ങള്‍ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.
പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഗണിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടാകില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഒമാനി പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകില്ല.
ആഭ്യന്തര മന്ത്രിയുടെ ശുപാര്‍ശ പ്രകാരം ഒമാനി പൗരത്വം നല്‍കാനും പിന്‍വലിക്കാനും എടുത്തുമാറ്റാനും പുനഃസ്ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകള്‍ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹനായിരിക്കും. പൗരത്വം നല്‍കിയെന്നോ പുനഃസ്ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് പ്രാബല്യത്തിലാകുന്ന തീയതി മുതലാണ് ഇതിന് അര്‍ഹതയുണ്ടാകുക. നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം ഒന്നിലേറെ തവണ ഒമാനി പൗരത്വം നല്‍കില്ല.