• Sat. Oct 12th, 2024

24×7 Live News

Apdin News

വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടിയുമായി നോർക്ക – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 12, 2024


Posted By: Nri Malayalee
October 11, 2024

സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാപകമായിരിക്കുന്ന വിദേശ റിക്രൂട്ട്മെന്‍റിന്‍റെ പേരിലുള്ള തൊഴിൽ തട്ടിപ്പുകൾക്ക് എതിരെ നടപടിയെടുക്കാൻ നോർക്ക. തട്ടിപ്പുകാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നോർക്ക സെക്രട്ടറി ഡോ. കെ. വാസുകിയുടെ ഉത്തരവിട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സർക്കാർ ഈ നടപടികൾ സ്വീകരിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പേർ വിദേശ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഇത്തരം തട്ടിപ്പുകൾ തടായൻ നടപടിയെടുക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. ലീഗൽ സെൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ മുരളീധരൻ, തലക്കത്തു പൂവച്ചൽ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനുവേണ്ടി സർക്കാരിനു മുമ്പാകെ ഹിയറിങ്ങിനു ഹാജരായത്.

കേരള പൊലീസ് എൻ.ആർ.ഐ. സെൽ ശക്തമാക്കുകയും പ്രവാസികൾക്കായി പ്രത്യേക സൈബർ സെൽ ആരംഭിക്കുന്നതിനും കെ. വാസുകി ഉത്തരവിൽ നിർദേശിച്ചു. വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾക്കായി മാർഗനിർദ്ദേശങ്ങളും പുതിയ നിയമങ്ങളും ഉണ്ടാക്കുന്നത് വളരെ പ്രധാനമാണെന്നും നോർക്ക, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്‍റ്സ്, കേരള പൊലീസ് എൻ.ആർ.ഐ. സെൽ എന്നിവ ചേർന്ന് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്.

വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന നൂറുകണക്കിന് വിദേശ തൊഴിൽ തട്ടിപ്പുകളുടെ വിവരങ്ങൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പിഎൽസി യൂ.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ.സോണിയ സണ്ണി, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അധ്യക്ഷൻ ജയ്പാൽ ചന്ദ്രസേനൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേസുകൾ ക്രോഡീകരിച്ചത്. പ്രവാസി ലീഗൽ സെൽ ഈ വിഷയത്തിൽ നിർണായകമായ പങ്ക് വഹിച്ചുവെന്നും അവരുടെ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് വളരെ ഉപകാരപ്രദമായിരിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്തു പറഞ്ഞു.

By admin