• Sun. Nov 17th, 2024

24×7 Live News

Apdin News

വിമാന എഞ്ചിനുകൾക്കും ഉ പകരണങ്ങൾക്കും ക്ഷാമം; ബ്രിട്ടീഷ് എയർവേയ്സ് ഉൾപ്പെ ടെ റൂട്ടുകൾ ഉപേക്ഷിക്കുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 17, 2024


Posted By: Nri Malayalee
November 16, 2024

സ്വന്തം ലേഖകൻ: വിമാന എഞ്ചിനുകളുടെയും മറ്റ് പല പാര്‍ട്‌സുകളുടെയും ദൗര്‍ലഭ്യം കാരണം അടുത്ത വര്‍ഷം വിമാന ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയും വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്നത് വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതിനോടകം തന്നെ പല വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്യാന്‍ നിര്‍ബന്ധിതരായ വിമാനക്കമ്പനികളില്‍ ബ്രിട്ടീഷ് എയര്‍വെയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കും ഉള്‍പ്പെടുന്നു. റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എഞ്ചിനുകളുടെ ലഭ്യത കുറവ് മൂലം പല വിമാനങ്ങളും നിലത്ത് ഇറക്കിയിട്ടിരിക്കുകയാണ്.

ഇതോടെ എയര്‍ലൈന്‍ കമ്പനികള്‍ തമ്മിലുള്ള മത്സരം കുറയുകയും തത്ഫലമായി നിരക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമായി. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട്, സര്‍വ്വീസുകള്‍ റദ്ദാക്കുന്ന പതിവ് അടുത്ത വര്‍ഷം വ്യോമയാന മേഖലയില്‍ വര്‍ദ്ധിക്കും എന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹീത്രൂവിനും കുലാലംപൂരിനും ഇടയിലുള്ള വിമാനം കഴിഞ്ഞ മാസം ബ്രിട്ടീഷ് എയര്‍വെയ്‌സ് റദ്ദാക്കിയിരുന്നു. ഈ ശത്യകാലത്ത് മുഴുവന്‍ ഈ വിമാന സര്‍വ്വീസ് ഉണ്ടായിരിക്കില്ല. അതുവഴി യുകെക്കും തെക്ക് കിഴക്ക് ഏഷ്യയ്ക്കും ഇടയിലെ യാത്രയില്‍ ലഭ്യമായിരുന്ന സീറ്റുകളില്‍ നിന്നും രണ്ടു ലക്ഷത്തോളം സീറ്റുകളാണ് കുറവ് വന്നിരിക്കുന്നത്.

ഇതിനു കാരണമായി പറയുന്നത് റോള്‍സ് റോയ്‌സ് എഞ്ചിനും അതിന്റെ പാര്‍ട്ടുകളും ലഭിക്കാത്തതാണ്. ഘാനയിലെ ആക്രയിലേക്കും ടെല്‍ അവീവിലേക്കുമുള്ള സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയാത്തതിന് വെര്‍ജിന്‍ അറ്റ്‌ലാന്റികും പഴിക്കുന്നത് റോള്‍സ് റോയ്‌സ് എഞ്ചിനുകളുടെ ക്ഷാമത്തെയാണ്. അടുത്ത ശൈത്യകാലം വരെ ഈ സര്‍വ്വീസുകള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ വെര്‍ജിന്‍ അറ്റ്‌ലാന്റികിന്റെ കേപ്പ് ടൗണ്‍ വിമാന സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചതിലും ഒരു മാസം മുന്‍പെ നിര്‍ത്തിവെയ്ക്കാന്‍ സാധ്യതയുണ്ട്.

എയര്‍ലൈനുകള്‍ക്കും ഉപഭോക്താക്കള്‍ക്കും വിമാന എഞ്ചിനുകളുടെ ലഭ്യത കുറവ് ഏറെ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. തിരക്കേറിയതും ലാഭകരമായതുമായ റൂട്ടുകളില്‍ സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ പല കമ്പനികളും ക്ലേശിക്കുകയാണ്. ഇത്തരത്തിലുള്ള റൂട്ടുകളെ സംരക്ഷിച്ചുകൊണ്ടുള്ള വിമാസ സര്‍വ്വീസുകളുടെ പുനക്രമീകരണം അത്ര എളൂപ്പമുള്ള ജോലിയല്ലെന്ന് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു. ചിലപ്പോള്‍, ചൂതാട്ടത്തേക്കാള്‍ ദുരൂഹമായ ഫലമായിരിക്കും ഇത്തര്‍ത്തില്‍ പുനഃക്രമീകരണം നടത്തുമ്പോള്‍ ലഭിക്കുക ഏന്നും അവര്‍ പറയുന്നു.

ഉപഭോക്താക്കളെ സംബന്ധിച്ച്, ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നത് 2025 ല്‍ ഒരു തുടര്‍ക്കഥയായി മാറും. യാത്രക്കാര്‍ കുറയാതിരിക്കുകയും സര്‍വ്വീസുകള്‍ പലതും വെട്ടിച്ചുരുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഒരു സ്വാഭാവിക നടപടി മാത്രമാണ്. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം വിദേശയാത്രകള്‍ക്ക് ഉദ്ദേശിക്കുന്നുവെങ്കില്‍, കൂടുതല്‍ പണം നല്‍കി ടിക്കറ്റ് വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക.

റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എഞ്ചിനുകള്‍ ഘടിപ്പിച്ച താരതമ്യേന പഴയ ബോയിംഗ് 787 വിമാനങ്ങളാണ് ഇപ്പോള്‍ പ്രശ്നമാകുന്നത്. അതിലെ പല കമ്പോണന്റുകളും റീപ്ലേസ് ചെയ്യേണ്ട സമയമായിട്ടും അവയുടെ അലഭ്യത കാരണം അതിന് കഴിയുന്നില്ല. കോവിഡ് പ്രതിസന്ധിയില്‍ പല നിര്‍മ്മാതാക്കളും ഉദ്പാദനം കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

By admin