
ന്യൂഡൽഹി: യുഎസും ചൈനയുമായുള്ള താരിഫ് യുദ്ധം തുടരുന്നതിനിടെ ഇന്ത്യയോടുള്ള നിലപാട് മയപ്പെടുത്തി ചൈന. വിസ നിയമത്തിൽ ഇന്ത്യക്കാർക്കായി ഇളവുകൾ ഏർപ്പെടുത്തിയതിനു പുറമേ ജനുവരി മുതൽ ഏപ്രിൽ വരെ 85,000 ഇന്ത്യക്കാർക്കാണ് ചൈനീസ് എംബസി വിസ അനുവദിച്ചത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ വളർച്ച ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ വിശ്വാസവും അടുപ്പവും ഉണ്ടാക്കുന്നതിനുമായാണ് ചൈനയുടെ പുതിയ നീക്കം.
2025 ഏപ്രിൽ 9 വരെ ചൈനീസ് എംബസി 85,000 ഇന്ത്യക്കാർക്ക് വിസ അനുവദിച്ചിട്ടുണ്ട്. ഞങ്ങൾ കൂടുതൽ ഇന്ത്യൻ സുഹൃത്തുക്കള ചൈന സന്ദർശിക്കാനായി സ്വാഗത ചെയ്യുന്നുവെന്ന് ചൈനീസ് അംബാസഡർ സു ഫീഹോങ് എക്സിൽ കുറിച്ചു.
ഇന്ത്യൻ പൗരന്മാർക്ക് വിസ നിയമങ്ങളിൽ ചെറിയ ഇളവുകളും ചൈന നൽകുന്നുണ്ട്.
- നിലവിൽ വിസയ്ക്ക് അപേക്ഷിക്കുന്നതിനായി മുൻകൂട്ടി ഓൺലൈൻ അപ്പോയിന്‍റ്മെന്‍റ് എടുക്കേണ്ടതില്ല.
- ചെറിയ കാലയളവിൽ ചൈന സന്ദർശിക്കാനായി ബയോമെട്രിക് ഡേറ്റ നൽകേണ്ടതില്ല. അതു കൊണ്ട് തന്നെ നടപടികൾ വേഗത്തിൽ പൂർത്തിയാകും.
- വിസ ഫീസിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്. വിദ്യാർഥികൾ, വിനോദസഞ്ചാരികൾ , വ്യാപാരികൾ എന്നിവർക്ക് ഉചിതമായ രീതിയിലാണ് വിസ ഫീസ് കുറച്ചിരിക്കുന്നത്.
- കൂടുതൽ പേർ വിസയ്ക്ക് അപേക്ഷിക്കുന്നതിനാൽ പെട്ടെന്ന് പ്രോസസിങ് പൂർത്തിയാകുന്നതിനായുള്ള രീതി അവതരിപ്പിച്ചിട്ടുമുണ്ട്.
വർഷാവർഷം നടത്തി വരുന്ന ഉത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, ചരിത്രസ്മാരകങ്ങൾ എന്നിവ വഴി ഇന്ത്യൻ യാത്രികരെ ആകർഷിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്.
ആഗോളതലത്തിൽ വ്യാപാര യുദ്ധത്തിനുള്ള സാധ്യതകൾ നില നിൽക്കേയാണ് ചൈനയുടെ വിസ ഇളവുകൾ.