• Wed. Apr 16th, 2025

24×7 Live News

Apdin News

വീട്ടുജോലിക്കാരുടെ പെര്‍മിറ്റുകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയല്‍; നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി

Byadmin

Apr 15, 2025


മനാമ: ബഹ്‌റൈനില്‍ വീട്ടുജോലിക്കാരുടെ പെര്‍മിറ്റുകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നതിനെ തടയണമെന്നും ലേബര്‍ മാര്‍ക്കറ്റ് നിയമം ഭേദഗതി ചെയ്യണമെന്നുമുള്ള നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി. പുതിയ നിര്‍ദേശ പ്രകാരം ഗാര്‍ഹിക തൊഴില്‍ ചെയ്യുന്ന വ്യക്തിയ്ക്ക് ആ വീട്ടില്‍ തന്നെ തുടരാനോ മറ്റൊരു വീട്ടിലേക്ക് അതേ ജോലിക്ക് മാറാനോ അനുമതി ഉണ്ടാകൂ. അല്ലാത്തപക്ഷം രാജ്യത്തിന് പുറത്ത് പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഗാര്‍ഹിക തൊഴിലാളികളുടെ പെര്‍മിറ്റ് വീട്ടുജോലിക്ക് പുറത്തുള്ള മറ്റു ജോലികള്‍ക്കായി അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇത്തരക്കാര്‍ക്ക് വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് മാന്‍പവര്‍ ഏജന്‍സികള്‍ വഴി അവരെ നിയമിച്ച പൗരന്മാര്‍ക്ക് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും കരട് നിയമത്തോടൊപ്പം നല്‍കിയ വിശദീകരണ മെമ്മോറാണ്ടത്തില്‍ നിര്‍ദേശം മുന്നോട്ടുവെച്ച എംപി മറിയം അല്‍ സയേദ് വിശദീകരിച്ചിട്ടുണ്ട്.

കൂടാതെ യഥാര്‍ത്ഥ കരാറിന് പുറത്തെ ജോലികള്‍ക്ക് തയ്യാറാകുമ്പോള്‍ അനധികൃതമായ ജോലി ചെയ്യാനും അതുവഴി ഇവര്‍ ചൂഷണത്തിന് വിധേയരാവാനും കാരണമാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഈ നിര്‍ദേശത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഒരു കൂട്ടം തൊഴിലാളികള്‍ക്ക് മറ്റുള്ള തൊഴിലിലേയ്ക്ക് മാറാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ അത് തടയുന്നത് അസമത്വത്തിന് കാരണമാകുമെന്ന് ചെയര്‍മാന്‍ സമീര്‍ അബ്ദുള്ള നാസ് മുന്നറിയിപ്പ് നല്‍കി.

 

The post വീട്ടുജോലിക്കാരുടെ പെര്‍മിറ്റുകള്‍ മറ്റു വിസകളിലേക്ക് മാറ്റുന്നത് തടയല്‍; നിര്‍ദേശം പാര്‍ലമെന്റ് പാസാക്കി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin