Posted By: Nri Malayalee
January 14, 2025
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലില്ലെങ്കിലും ഒട്ടും പിന്നിലല്ല ജപ്പാന്‍. കൃത്യതയോടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളും പരിചരണങ്ങളും സഞ്ചാരികളെ ഉദയസൂര്യന്റെ നാട്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഇപ്പോഴിതാ ജപ്പാനിലെ ഒരു തെരുവിന്റെ വൃത്തി പരിശോധിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യാക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സിമ്രാന്‍ ജെയിനിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുന്നത്.
പുതിയതായി വാങ്ങിയ വെളുത്ത സോക്‌സ് ധരിച്ച് ഫൂട്പാത്തിലൂടെ നടന്നായിരുന്നു സിമ്രാന്‍ പരീക്ഷണം നടത്തിയത്. സോക്‌സ് ധരിച്ച് സീബ്ര ക്രോസ്സിങ്ങിലും ഫൂട്പാത്തിലും തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലൂടെ വെളുത്ത സോക്‌സ് ധരിച്ച് നടന്നു. മിനിറ്റുകളോളം നീണ്ട നടത്തത്തിനൊടുവില്‍ പരിശോധിച്ചപ്പോഴും മണ്ണോ പൊടിയ പറ്റാത്ത സോക്‌സാണ് സിമ്രാന്റെ കാലിലുണ്ടായിരുന്നത്. ജപ്പാന്‍ എത്ര ക്ലീനാണെന്ന് നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് സിമ്രാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച വീഡിയോ ഇതുവരെ നാല് കോടിയോളം പേരാണ് കണ്ടത്. വീഡിയോ വ്യാജമാണെന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഏറെക്കാലമായി ജീവിക്കുന്നത് ജപ്പാനിലാണെന്നും രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും ഇത്തരത്തില്‍ ക്ലീന്‍ ആയിരിക്കുമെന്നുമാണ് മറ്റ് ചിലരുടെ പ്രതികരണം.