• Sun. Oct 18th, 2026

24×7 Live News

Apdin News

വൃത്തിഹീനമായ ശൗചാലയത്തിന്‍റെ ചിത്രം പങ്കുവയ്ക്കൂ, 1000 രൂപ സമ്മാനമായി നേടൂ!

Byadmin

Oct 18, 2026


ന്യൂഡൽഹി: ദേശിയ പാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ മോശം ശൗചാലയം കണ്ടാൽ നിങ്ങൾ എന്തു ചെയ്യും? ഇറങ്ങി ഓടാനായിരിക്കും നിങ്ങൾ തോന്നുക. എന്നാൽ ഇറങ്ങി ഓടുന്നതിനു മുൻപായി ഒരു ഫോട്ടോ എടുത്തേക്കൂ. ഈ ചിത്രത്തിലൂടെ നിങ്ങൾക്ക് 1000 രൂപ സമ്മാനമായി നേടാനാവും. ദേശിയ പാത അതോറിറ്റിയാണ് വ്യത്യസ്തമായ ചലഞ്ചുമായി എത്തിയത്.

ദേശിയ പാതയിലെ ശൗചാലയങ്ങളിലെ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ ചലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്. ദി ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഉദ്യമത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ടോൾ പ്ലാസ ടോയ്ലറ്റുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ഏതെങ്കിലും മോശം ശൗചാലയം ശ്രദ്ധയിൽപ്പെട്ടാൽ അതിന്‍റെ ഫോട്ടോ എടുത്ത് രാജ്മാർഗ് യാത്ര എന്ന ആപ്പിലൂടെ അപ്ലോഡ് ചെയ്യണം. ചിത്രത്തിനൊപ്പം ആളുടെ പേരും സ്ഥലവും വാഹനത്തിന്‍റെ നമ്പറും മൊബൈൽ നമ്പറും നൽകണം. നിങ്ങൾ അയക്കുന്ന ചിത്രം പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും സമ്മാനം ലഭിക്കുക.

പണം നേരിട്ട് കൈയിലേക്ക് അല്ല നൽകുക. ഫാസ്റ്റ്ടാഗ് റീച്ചാർജ് ആയിട്ടായിരിക്കും ലഭിക്കുക. ഇത് പണമായി മാറ്റാനും സാധിക്കില്ല. ഒക്‌ടോബർ 31 വരെ നിങ്ങൾക്ക് ചിത്രങ്ങൾ അയക്കാനാവും. എന്നാൽ ദേശിയ പാത അതോറിറ്റിയുടെ കീഴിലുള്ള ശൗചാലങ്ങളുടെ ചിത്രം മാത്രമേ പരിഗണിക്കുകയുള്ളൂ. ദേശിയ പാത അതോറിറ്റിയുമായി ബന്ധമില്ലാത്ത പെട്രോൾ പമ്പിലേയും റോഡരികിലെ കടയിലേയും ശൗചാലയങ്ങളുടെ ചിത്രങ്ങൾക്ക് സമ്മാനം ലഭിക്കില്ല.

വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിന് ഒരു തവണ മാത്രമേ ചലഞ്ചിൽ പങ്കെടുക്കാനാവൂ. മാത്രമല്ല ഒരു ശൗചാലയത്തിന്‍റെ തന്നെ വിവിധ ചിത്രങ്ങൾ ഒരേ സമയം ലഭിച്ചാൽ ആദ്യത്തെ ചിത്രം മാത്രമാകും സമ്മാനത്തിനായി പരിഗണിക്കുക. ചിത്രങ്ങൾ ക്ലാരിറ്റിയുള്ളതും സ്ഥലവും സമയവും വ്യക്തമാക്കുന്നതും ആയിരിക്കണം. ഡ്യൂപ്ലിക്കേറ്റ് ചിത്രങ്ങളോ എഡിറ്റ് ചെയ്തോ നേരത്തെ അയച്ചതോ ആയ ചിത്രങ്ങൾ അവാർഡിന് അർഹമല്ല.

By admin