
തിരുവനന്തപരും: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗോകുലം മെഡിക്കൽ കോളേജ് ഡോക്ടർ കിരൺ രാജഗോപാൽ. നിലവിൽ അവർക്ക് ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുണ്ടെന്നും ബന്ധുക്കളെയൊക്കെ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
അപകടനില പൂർണ്ണമായും തരണം ചെയ്തു എന്ന് പറയാൻ പറ്റില്ലെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. നല്ല മുറിവുകളുണ്ട്. സംസാരിക്കാൻ പറ്റുന്ന സ്ഥിതിയാണ്. 48 മണിക്കൂറിന് ശേഷം ഒരു സ്കാൻ കൂടി ചെയ്യേണ്ടതുണ്ട്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ നൽകാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
അഫാന്റെ മാതാവ് ഷെമിയുടെ തലച്ചോറിലെ സ്കാൻ രാവിലെ എടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ പോലെ തുടരുകയാണ്. ഇപ്പോഴും ബോധാവസ്ഥയിലാണ്. സംസാരിക്കുന്നുണ്ട്. ബന്ധുക്കളെ ഒക്കെ അന്വേഷിക്കുന്നുണ്ട്. വേദനയുള്ള കാര്യങ്ങൾ പറയുന്നുണ്ട്. ഇതേ പോലെ നിരീക്ഷണത്തിൽ തുടരും. 48 മണിക്കൂറിന് ശേഷം വീണ്ടും സ്കാൻ ചെയ്ത് പരിശോധിക്കും. നിലവിൽ ആരോഗ്യനില തൃപ്തികരമാണ് ഡോ.കിരൺ രാജഗോപാൽ പറഞ്ഞു.
തലയിൽ മുറിവുകളുണ്ടായിരുന്നു. മുഖത്ത് എല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ട്. വിവരങ്ങൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ പക്കൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ജീവിച്ചിരുന്നത് രണ്ടുപേർ മാത്രമാണ്. അതിൽ ഒന്ന് പ്രതി അഫാനാണ്. മറ്റൊന്ന് പ്രതിയുടെ മാതാവ് ആണ്.
വലിയ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് എല്ലാവരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെന്നായിരുന്നു പ്രതിയുടെ മൊഴിയിൽ ഒന്ന്. ഇതിലൊക്കെ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ.