
റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ച ജിദ്ദയില്‍ പുരോഗമിക്കുന്നു. അമേരിക്കയുടേയും യുക്രെയിന്റേയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സൗദിയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് അമേരിക്കയും യുക്രെയിനും പ്രതികരിച്ചു.
റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനപ്പെട്ട ചര്‍ച്ചയാണ് ജിദ്ദയില്‍ പുരോഗമിക്കുന്നത്. സൌദിയുടെ മധ്യസ്ഥതയില്‍ അമേരിക്കയുടേയും യുക്രെയിന്റേയും പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ചയിലേക്ക് ഉറ്റു നോക്കുകയാണ് ലോകം. വെടിനിര്‍ത്തല്‍ നിര്‍ദേശം ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ , സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അല്‍ ഐബാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്നലെ സൌദി സന്ദര്‍ശിച്ചിരുന്നു. ഇരുവരും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
നിര്‍ണായക നീക്കമാണ് സൗദിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും യഥാര്‍ഥ സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്ക് ശേഷം സെലന്‍സ്‌കി പ്രതികരിച്ചു. തടവുകാരെ മോചിപ്പിക്കല്‍, കുട്ടികളെ തിരിച്ചെത്തിക്കല്‍ തുടങ്ങിയവ ചര്‍ച്ചയുടെ ഫലമായി സാധിക്കുമെന്ന പ്രതീക്ഷയും സെലന്‍സ്‌കി പങ്കുവെച്ചു. ജിദ്ദയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചു.