• Mon. Oct 21st, 2024

24×7 Live News

Apdin News

‘വെതർ ബോംബ്’ ആശങ്കയിൽ സ്കോട്‍ലൻഡ്; യുകെയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി ആഷ്‌ലി കൊടുങ്കാറ്റ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Oct 20, 2024


Posted By: Nri Malayalee
October 20, 2024

സ്വന്തം ലേഖകൻ: മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്‌ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്‍ലൻഡ് ജാഗ്രതയിൽ. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്.

‘കാലാവസ്ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 24 മില്ലിബാർ മർദ്ദം കുറയുന്നതിനെ പരാമർശിക്കുന്ന ‘ബോംബോജെനിസിസ്’ എന്ന യുഎസ് പദത്തിൽ നിന്നാണ് ‘വെതർ ബോംബ്’ എന്ന പദം ഉടലെടുത്തത്. ശനിയാഴ്ച രാത്രി അറ്റ്ലാന്റിക്കിൽ നിന്ന് നീങ്ങുമ്പോൾ വേഗം കുറയുന്ന മർദ്ദം ഉയർന്ന സ്പ്രിങ് വേലിയേറ്റങ്ങളുമായി പൊരുത്തപ്പെട്ടാണ് ശക്തമായ കാറ്റിന് ഇടയാക്കുന്നത്. വടക്ക് അർഗൈൽ മുതൽ കേപ് വ്രാത്ത് വരെയുള്ള പ്രദേശത്ത് വൈദ്യുതി മുടങ്ങാൻ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തുടനീളം യെല്ലോ അലർട്ട് നിലവിലുണ്ട്. സ്കോട്‍ലൻഡിനു പുറമേ വടക്കൻ അയർലൻഡിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും ചില ഭാഗങ്ങളിലും കാലാവസ്ഥ മോശമാകും. സ്കോട്‍ലൻഡിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച കാറ്റിന്റെ തീവ്രത അനുഭവപ്പെടും. വടക്കൻ പ്രദേശങ്ങളിൽ തിങ്കളാഴ്ചയും പ്രതികൂല കാലാവസ്ഥ പ്രവചിക്കുന്നുണ്ട്. യുകെയിലെ പരിസ്ഥിതി ഏജൻസികൾ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ ഞായറാഴ്ച നടത്താനിരുന്ന 10 മൈൽ മാരത്തൺ (ഗ്രേറ്റ് സൗത്ത് റൺ) പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് അധികൃതർ റദ്ദാക്കി.

സ്കോട്‍ലൻഡിലെ പ്രധാന ട്രെയിൻ സർവീസ് ആയ സ്കോട്റെയിൽ അബർഡീൻ – ഡണ്ടി, വെസ്റ്റ് ഹൈലാൻഡ് ലൈൻ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള റൂട്ടുകളിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കാൻ നിർദേശം നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മെയിന്റനൻസ് ടീമുകൾ അധിക പരിശോധന നടത്തും.

സ്കോട്ലൻഡിലെ ഞായറാഴ്ചത്തെ ചില ഫെറി സർവീസുകൾ പൂർണമായി റദ്ദാക്കി. അർഡ്രോസൻ – ബ്രോഡിക്ക്, ട്രൂൺ – ബ്രോഡിക്ക്, ഒബാൻ – കാസിൽബേ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ പെട്ടെന്നുള്ള അറിയിപ്പിൽ കൂടുതൽ സർവീസുകൾ റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. യാത്രക്കാർ തങ്ങളുടെ ഫെറിയുടെ സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിക്കാൻ അധികൃതർ അഭ്യർഥിച്ചു.

നോർത്ത് ലാനാർക്‌ഷെയറിലെ ചാപ്പൽഹാളിനടുത്തുള്ള എം8 മോട്ടോർവേയിലെ ലോംഗക്രേ പാലത്തിന്റെ പ്രധാന വാരാന്ത്യ ജോലികൾ ഒക്ടോബർ 25 മുതൽ 28 വരെ മാറ്റിവച്ചു. എ83 റോഡ് കനത്ത മഴയെ തുടർന്ന് അടച്ചേക്കും. എന്നാൽ ആർഗിൽ, ഓൾഡ് മിലിട്ടറി റോഡ് തുറന്നേക്കും. കാറ്റു പിടിക്കാൻ സാധ്യതയുള്ള ഗാർഡൻ ഫർണിച്ചറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നീക്കണമെന്നത് ഉൾപ്പെടെയുള്ള ജാഗ്രതാ നിർദ്ദേശങ്ങളാണ് അധികൃതർ ജനങ്ങൾക്ക് നൽകിയിട്ടുള്ളത്.

By admin