• Fri. Dec 5th, 2025

24×7 Live News

Apdin News

വൈറസ് വ്യാപനം ശൈത്യകാലത്തെ സാധാരണ പ്രശ്നം; രാജ്യത്തേക്കുള്ള യാത്ര സുരക്ഷിതമെന്നും ചൈന – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 5, 2025


Posted By: Nri Malayalee
January 4, 2025

സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയില്‍ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായുള്ള റിപ്പോര്‍ട്ടുകൾ ലോകത്തെ ആശങ്കപ്പെടുത്തുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) ആണ് പടര്‍ന്ന് പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ രോ​ഗം ​ഗൗരവകരമല്ലെന്നാണ് ചൈനയുടെ പ്രതികരണം. എല്ലാവർഷവും ശൈത്യകാലത്ത് അനുഭവപ്പെടുന്ന ഒരു സാധാരണ പ്രശ്നം മാത്രമാണിതെന്നാണ് ചൈന നൽകുന്ന വിശദീകരണം.

രോ​ഗം പടരുന്നതായുള്ള റിപ്പോർട്ടുകൾ പുറന്നുവന്ന പശ്ചാത്തലത്തിൽ ചൈനയിലേക്കുള്ള യാത്രാ പദ്ധതികൾ പുനഃപരിശോധിക്കണമെന്ന തരത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തിൽ ചൈന വാർത്താക്കുറിപ്പിറക്കിയത്. ശൈത്യകാലത്ത് ശ്വാസകോശ അണുബാധകൾ കൂടുതലാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. രാജ്യത്തെ പൗരന്മാരുടേയും ചൈനയിലേക്ക് വരുന്ന വിദേശികളുടെയും ആരോഗ്യത്തെക്കുറിച്ച് ചൈനീസ് സർക്കാർ ശ്രദ്ധാലുവാണെന്ന് ഉറപ്പുനൽകാൻ കഴിയും. ചൈനയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമാണ്- നിങ് കൂട്ടിച്ചേർത്തു.

എന്നാൽ, രാജ്യത്തെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുകയാണെന്നും രോ​ഗം അതിവേ​ഗം വ്യാപിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകളേക്കുറിച്ച് ചോദിച്ചപ്പോൾ രോ​ഗത്തിന്റെ തീവ്രത കുറവാണെന്നും എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ തോതിൽ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമാണ് മാവോ നിങ് മറുപടി പറഞ്ഞത്. ചൈനയിലെ നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച മാർ​ഗനിർദ്ദേശങ്ങൾ പരിശോധിക്കാൻ പൗരന്മാരോടും വിനോദസഞ്ചാരികളോടും അവർ അഭ്യർത്ഥിച്ചു.

നേരത്തെ ചൈനയിൽനിന്നുള്ള നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതിൽ പ്രചരിച്ചിരുന്നു. കുട്ടികളിലാണ് എച്ച്.എം.പി.വി. കേസുകള്‍ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വൈറസ് ബാധിച്ച് നിരവധി മരണങ്ങള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

By admin