സ്വന്തം ലേഖകൻ: വ്യാജ ഓൺലൈൻ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഔദ്യോഗിക മുഖങ്ങളും ലോഗോകളും ഉപയോഗിച്ചുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരം പരസ്യങ്ങൾ കണ്ട് ഏതെങ്കിലും ഇടപാടുകളിൽ ഏർപ്പെടുന്നതിനുമുമ്പ് ജാഗ്രത പാലിക്കാനും ഓൺലൈൻ പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കാനും ആർ.ഒ.പി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇരകളെ വിശ്വാസത്തലെടുത്ത് ബാങ്കിങ് വിവരങ്ങളും മറ്റും കൈവശപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഇന്റർനെറ്റ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പരസ്യങ്ങളുടെ ഉറവിടം പരിശോധിക്കുക, വ്യാജ ലോഗോകൾ സൂക്ഷിക്കുക, സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക, സാമ്പത്തിക വിവരങ്ങൾ പങ്കിടാതിരിക്കുക എന്നിവയും ശ്രദ്ധിക്കണമെന്ന് ആർ.ഒ.പിയുടെ മുന്നിറിയിപ്പിൽ പറയുന്നു.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മികച്ച ബോധവത്കരണവുമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങ് മേഖലയും നടത്തിക്കൊണ്ടിരിക്കുന്നത്.
ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച സംഭവത്തിൽ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആറുപേരെ റോയൽ ഒമാൻ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിങ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞായിരുന്നു ഇവർ ഇരകളിൽനിന്ന് അക്കൗണ്ട് വിവരങ്ങളും മറ്റു നേടിയിരുന്നത്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത്തരം കാളുകളോട് പ്രതികരിക്കരുതെന്നും അജ്ഞാത വ്യക്തികളോട് വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും റോയൽ ഒമാൻ പൊലീസ് അഭ്യർഥിച്ചു.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളിലൊന്ന്.
ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു. പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു.
ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുൻപ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്.
വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.