
മിലനില്‍ ഒരു ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു സൗത്ത് ലണ്ടനിലെ കൗള്‍സ്ഡണില്‍ നിന്നുള്ള ഗ്ലാമര്‍ മോഡലായ ക്ലോ എയ്‌ലിങ്. സ്റ്റുഡിയോയിലേക്ക് എത്തിയ അവളെ പെട്ടെന്നാണ് രണ്ടുപേര്‍ കടന്നുപിടിക്കുന്നതും അവളുടെ കയ്യില്‍ കെറ്റമൈന്‍ കുത്തിവയ്ക്കുന്നതും. അവരവളുടെ വാ മൂടിക്കെട്ടി അനങ്ങാന്‍ കഴിയാത്തവിധം കയ്യുംകാലും കൂട്ടിക്കെട്ടി കാറിലേക്ക് തള്ളി. അവളെ അവരെത്തിച്ചത് ഒരു ഫാംഹൗസിലാണ്. വൈകാതെ അവളുടെ ഏജന്റിന് അവര്‍ ഒരു ഇമെയിലുമയച്ചു, അഞ്ചുദിവസത്തിനുള്ളില്‍ 300,000 ഡോളര്‍ കൈമാറണം. ഇല്ലെങ്കില്‍ ഇരുപതുകാരിയായ ക്ലോയെ ലൈംഗിക അടിമയായി ഡാര്‍ക്ക് വെബ്ബിന് വില്‍ക്കും! സ്വിംവെയര്‍ മാത്രം ധരിച്ച് തറയില്‍ കിടക്കുന്ന അവളുടെ മൂന്ന് ചിത്രങ്ങളും തട്ടിക്കൊണ്ടുപോയവര്‍ അയച്ചു. ദ് ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ക്രിമിനല്‍ ഓര്‍ഗനൈസേഷനിലെ രണ്ടുപേരായിരുന്നു ആ കുറ്റകൃത്യത്തിന് പിന്നില്‍. പോളിഷ് പൗരനായ ലുകാസ് ഹെര്‍ബയായിരുന്നു അതില്‍ പ്രധാനി.
2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനും പാര്‍ട്ട് ടൈം ഡിജെയുമായി ജോലി ചെയ്തിരുന്ന ഫില്‍ ഗ്രീനിന്റെ സൂപ്പര്‍ മോഡല്‍ ഏജന്‍സിയുടെ ഭാഗമായിരുന്നു ക്ലോ. ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രി ലാസിയോ എന്ന വ്യാജപ്പേരില്‍ ഫോട്ടോഷൂട്ടിനായി ലുകാസ് ഗ്രീനിനെ ബന്ധപ്പെടുകയും മാര്‍ച്ചില്‍ ഒരു ഫോട്ടോഷൂട്ട് നടത്താന്‍ പദ്ധതിയിടുകയും ചെയ്തു. പാരിസ് ആയിരുന്നു ലൊക്കേഷന്‍. എന്നാല്‍ അത് നടന്നില്ല. പിന്നീട് ജൂലായ് ആയതോടെ മിലനില്‍ ഫോട്ടോഷൂട്ട് നടത്താമെന്ന് ലുകാസ് ഗ്രീനിനെ അറിയിക്കുകയും ക്ലോ അങ്ങോട്ട് എത്തുകയുമായിരുന്നു.
ഫോട്ടോഷൂട്ടിനായി പോയ ക്ലോ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അവളുടെ അമ്മ ഗ്രീനിനെ ബന്ധപ്പെട്ടു. പിറ്റേദിവസമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗ്രീനിന് മെയില്‍ ലഭിക്കുന്നത്. ഉടന്‍ തന്നെ മിലനിലെ യുകെ കോണ്‍സുലേറ്റുമായി ഗ്രീന്‍ ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മേല്‍വിലാസത്തില്‍ ഇറ്റാലിയന്‍ പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് അതൊരു സ്റ്റുഡിയോ പോലുമല്ലെന്ന് തിരിച്ചറിയുന്നത്. പക്ഷെ അതിനകത്ത് നിന്ന് അവര്‍ അവളുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. എന്നാല്‍ മറ്റൊന്നും കണ്ടെത്താനാവാതെ വന്നതോടെ അന്വേഷണം വഴിമുട്ടി.
ആറുദിവസത്തിന് ശേഷം അവള്‍ മോചിപ്പിക്കപ്പെട്ടു. ലുകാസ് തന്നെയാണ് അവളുമായി ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ എത്തുന്നത്. പക്ഷെ തടങ്കലില്‍ ആയിരുന്ന ആ ആറുദിവസവും താന്‍ മരിക്കാന്‍ പോവുകയാണെന്ന് സ്വയം അംഗീകരിച്ചു എന്ന് ക്ലോ പറയുന്നുണ്ട്. അതിനിടയില്‍ ലുകാസിനോട് അവളോട് സ്‌നേഹം തോന്നിയതിനെ കുറിച്ചും അവള്‍ പറയുന്നുണ്ട്, മോചിപ്പിച്ചാല്‍ ലുകാസുമായി ഡേറ്റിങ്ങിന് തയ്യാറാണെന്ന് അവള്‍ അയാളോട് പറഞ്ഞു. ഇതോടെ അവളോടുള്ള അവരുടെ സമീപനം അല്പം കൂടെ മൃദുവായി. അതുവരെ തറയില്‍ കിടത്തിയവള്‍ക്ക് ഉറങ്ങാന്‍ അവര്‍ കിടക്ക നല്‍കി. കഴിക്കാന്‍ പിസ നല്‍കി, നഷ്ടപ്പെട്ട ഷൂകള്‍ക്ക് പകരം പുതിയ ഷൂ വാങ്ങി നല്‍കി. മോചിപ്പിക്കപ്പെട്ടെങ്കിലും സുരക്ഷിതത്വം അവള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. അവളെ വിശ്വസിക്കാനും ആരും തയ്യാറായില്ല.
ലുകാസിന്റെ കൈപിടിച്ച് ഷോപ്പിങ്ങിന് പോകുന്ന ക്ലോയുടെ സിസിടിവി ദൃശ്യങ്ങള്‍ അത് ശരിയാണെന്ന് സ്ഥാപിക്കുന്ന വിധത്തിലുള്ളതായിരുന്നു. അവളുടെ കഥകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പോലും വിശ്വസിച്ചില്ല. പിന്നീട് ഈ തട്ടിക്കൊണ്ടുപോകലിനെ ആധാരമാക്കി ബിബിസി ചെയ്ത ഡോക്യുമെന്ററിയില്‍ എന്നെയും എന്റെ കഥയെയും വിശ്വസിക്കാന്‍ എന്താണിത്ര ബുദ്ധിമുട്ടെന്ന് ക്ലോ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ സ്വന്ം സുരക്ഷിതത്വത്തിന് വേണ്ടി ക്ലോ നടത്തിയ അഭിനയം മാത്രമായിരുന്നു അതെന്ന് അധികൃതര്‍ ഉറപ്പിച്ചുപറഞ്ഞു.
അന്വേഷണത്തെ തുടര്‍ന്ന് ലുകാസും സഹോദരന്‍ മിഷേലും അറസ്റ്റിലായി. ബൈ എനി മീന്‍സ് എന്ന ചിത്രമാണ് തട്ടിക്കൊണ്ടുപോകലിന് തനിക്ക് പ്രചോദനമായതെന്ന് ലുകാസ് അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തി. 16 വര്‍ഷം,9 മാസം തടവാണ് ലുകാസിന് ശിക്ഷ വിധിച്ചത്. മിഷേലിനും തടവുശിക്ഷ ലഭിച്ചു. എന്നാല്‍ 2020ല്‍ ഈ ശിക്ഷ 12 വര്‍ഷമായി കുറച്ചിരുന്നു. മിഷേലിന്റേത് അഞ്ചുവര്‍ഷമായും.
ഈസ്റ്റേണ്‍ യൂറോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്ലാക്ക് ഡെത്ത് ഗ്രൂപ്പ് എന്ന ക്രിമിനല്‍ സംഘടനയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഈ കേസ്. തങ്ങളുടെ പിടിയിലുള്ളവരുടെ ചിത്രങ്ങള്‍ കാണിച്ചാണ് ഇവര്‍ ഡാര്‍ക്ക് വെബ്ബില്‍ ഫ്‌ളഷ് ട്രേഡ് നടത്തിയിരുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വ്യാജനായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.2015-ല്‍ ഈ സംഘടനയെ കുറിച്ച് ഇന്റര്‍പോള്‍ അന്വേഷണം നടത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഗ്രീനും ക്ലോവും അനുഭവക്കുറിപ്പുകള്‍ എഴുതിയിരുന്നു. എന്നാല്‍ ഈ തട്ടിക്കൊണ്ടുപോകല്‍ പബ്ലിസിറ്റിക്ക് വേണ്ടി ക്ലോ നടത്തിയ തന്ത്രമാണെന്ന് വിശ്വസിക്കാനായിരുന്നു അപ്പോഴും പല ബ്രിട്ടീഷ് മാധ്യമങ്ങളും തയ്യാറായത്. 2023ല്‍ ബിബിസി സംഭവം ഡോക്യുമെന്ററിയാക്കുന്നത്,2024 ഓഗസ്റ്റില്‍ കിഡ്‌നാപ്പ്ഡ് എന്ന പേരില്‍ ഇത് സംപ്രേഷണവും ചെയ്തിരുന്നു.