
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ശക്തമായ നടപടിക്ക് പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങളുടെ വ്യോമ മേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാർ മരവിപ്പിക്കാനും വൈകിട്ട് ചേർന്ന പാക് സുരക്ഷാ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
വാഗാ അതിർത്തി അടയ്ക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വയ്ക്കാനുമാണ് പാക്കിസ്ഥാന്‍റെ തീരുമാനം. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാക്കിസ്ഥാൻ റദ്ദാക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
അതേസമയം, സിന്ധു നദീ ജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കേണ്ടി വരുമെന്ന് യോഗത്തിൽ വിലയിരുത്തി. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ച് വിടുകയോ തടയുകയോ ചെയ്യുന്നത് യുദ്ധസമാനമായ നടപടിയാണെന്നാണ് കണക്കാക്കപ്പെടുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ബുധനാഴ്ച പാക്കിസ്ഥാനെതിരേ തിരിച്ചടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. സിന്ധൂ നദീ ജല കരാർ മരവിപ്പിക്കാനും അതിർത്തി വഴിയുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അട്ടാരി അതിർത്തി അടയ്ക്കാനും പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ വിലക്ക് ഏർപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിനുശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു.