ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആഗോള മത്സരത്തിന്റെ ഭാഗമാകുകയാണ് ഇന്ത്യയും. രാജ്യത്തിന്റെ എഐ ദൗത്യത്തിന്റെ ഭാഗമായ അടുത്ത സുപ്രധാന ചുവടുവെപ്പിനായുള്ള ചടുല നീക്കങ്ങളിലാണ് കേന്ദ്രസർക്കാർ. ഇതിനായി ബോംബെ ഐഐടി, ടെക്ക് മഹീന്ദ്ര, ഫ്രാക്ടൽ അനലറ്റിക്സ് ഉൾപ്പടെ എട്ടോളം സ്ഥാപനങ്ങളെ സർക്കാർ തിരഞ്ഞെടുത്തു. ഇന്ത്യാ എഐ മിഷന് കീഴിൽ അതിശക്തമായ ഫൗണ്ടേഷണൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) നിർമിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബർ 18 ന് ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റ് 2026 പ്രഖ്യാപന ചടങ്ങിൽ വെച്ചാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥാപനങ്ങളുടെ പേരുകൾ അറിയിച്ചത്.
ഒരു ലക്ഷം കോടി പാരാമീറ്ററുള്ള (1 trillion parametre) ലാർജ് ലാംഗ്വേജ് മോഡൽ നിർമിക്കുകയാണ് ദൗത്യം. നിലവിൽ ലോകത്ത് നിർമിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അതി ശക്തമായ എൽ എൽ എമ്മുകൾക്കൊപ്പം നിൽക്കാനാകും വിധം വലുതായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്ന എൽ എൽ എം. ഈ ദൗത്യത്തിന് പിന്തുണ നൽ കാൻ 988.6 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു ഡേറ്റയുടെ വിവിധ പാറ്റേണുകളും ബന്ധങ്ങളും തിരിച്ചറിയാൻ ഒരു എഐ മോഡലിനെ അനുവദിക്കുന്ന ഇന്റേണൽ വേരിയബിളുകളാണ് പാരാമീറ്ററുകൽ അതായത് ഒരു ഡേറ്റ ലഭിച്ചാൽ അത് എന്താണെന്ന് മനസിലാക്കാൻ ഈ പാരാമീറ്ററുകൾ ഉപയോഗിച്ചാണ് എഐ മോഡൽ വിശകലനം ചെയ്യുക. അത് ലാർജ് ലാംഗ്വേജ് മോഡലിന്റെ കൃത്യത ഉറപ്പാക്കാനും അതിശക്തമാക്കാനും സഹായിക്കും. പാരമീറ്ററുകൾ കൂടുന്നതിനനുസരിച്ച് നമ്മളുടെ ഒരു ചോദ്യം കൃത്യമായി മനസിലാക്കാനുള്ള എഐ മോഡലിന്റെ കഴിവ് വർധിക്കുകയും ചെയ്യും.
അവതാർ എഐ, ഐഐടി ബോംബെ കൺസോർഷ്യം- ഭാരത്ജെൻ ഫ്രാക്ടൽ അനലിറ്റിക്സ് ലിമിറ്റഡ്, ടെക്ക് മഹീന്ദ്ര ലിമിറ്റഡ്, സെയ്ന്ടെയ്ഖ് ഐടെക് ഇനൊവേഷൻസ്, ജെൻ ലൂപ്പ് ഇന്റലിജൻസ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂറോ ഡിഎക്സ് (ഇന്റെലിഹെൽത്ത്), ശോധ് എഐ തുടങ്ങിയ കമ്പനികളെയാണ് സർക്കാർ തിരഞ്ഞെടുത്തത്. വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന ഫൗണ്ടേഷണൽ എഐ മോഡലുകൾ നിർമിക്കാൻ ഈ കമ്പനികൾ സുപ്രധാന പങ്കുവഹിക്കും.