പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലകശിൽപ്പത്തിന്‍റെ പാളികളിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്.
ശബരിമലയിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പ് വഴി നടന്ന എല്ലാ പ്രവൃത്തികളെയും വഴിപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്ന് ദേവസ്വം വിജിലൻസ് ശുപാർശ ചെയ്തിരുന്നു. ഇയാളുടെ ഇടപാടുകൾ ദുരൂഹമാണെന്നും സ്‌പോൺസർഷിപ്പിലൂടെ ഉണ്ണിക്കൃഷ്‌ണൻ പോറ്റി വൻ ലാഭമുണ്ടാക്കിയെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.
ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് നടത്തുന്ന സ്വർണ പ്ലേറ്റിങ് സുതാര്യമെന്ന് പറയാൻ കഴിയില്ല. ഭക്തർ നൽകുന്ന സ്വർണമല്ല കൊടിമരത്തിലും താഴികക്കുടത്തിലും പൂശുന്നത്. സ്വർണം പൊടിക്കുന്നത് ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ്. ഇൗ സ്വർണമാണ് സ്‌മാർട്ട് ക്രിയേഷൻസിൽ പ്ലേറ്റിങ്ങിനായി ഉപയോഗിക്കുന്നത്.
ശ്രീകോവിലിലെ കട്ടിളയിൽ സ്വർണം പൂശിയിരുന്ന ചെമ്പ് തകിട് ഇളക്കി സ്വർണം പൂശാൻ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറണമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ 2019 ഫെബ്രുവരി 16ന് ദേവസ്വം കമീഷണർക്ക് ശുപാർശ നൽകിയിരുന്നു. ഇൗ ശുപാർശ ദേവസ്വം കമീഷണർ ബോർഡിൽ സമർപ്പിച്ചപ്പോൾ, സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്നുമാത്രമെഴുതിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറാൻ ശുപാർശ ചെയ്തത്. ഇൗ സമയത്തെ തിരുവാഭരണം കമീഷണർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ, അസിസ്‌റ്റന്റ് എൻജിനിയർ എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.
പ്രത്യേക അന്വേഷകസംഘവും (എസ്ഐടി) ശബിരിമല സന്നിധാനത്തെത്തി രേഖകൾ പരിശോധിച്ചിരുന്നു. ശാന്തിയടക്കമുള്ള ദേവസ്വം ജീവനക്കാരോട് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണ മോഷണക്കസിൽ പ്രത്യേകം എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി. രണ്ടാമത്തെ എഫ-് ഐആറിൽ എട്ടാം പ്രതിയായി 2019 ലെ ദേവസ്വം ബോർഡിനെയും പ്രതി ചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്കുമേൽ അഴിമതി നിരോധന നിയമവും ചുമത്താനാണ് സാധ്യത.
ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. വിരമിച്ച ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ തടയുമെന്നും ബോർഡിനുണ്ടായ നഷ്ടവും കുറ്റക്കാരിൽനിന്ന് ഈടാക്കുമെന്നും നഷ്ടപ്പെട്ട സ്വര്‍ണമെല്ലാം പിടിച്ചെടുക്കാനുമുള്ള നടപടി ബോർഡ് സ്വീകരിക്കും.