
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പ്രതിസന്ധി വെളിപ്പെടുത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ഹസൻ. കാരണം കാണിക്കൽ നോട്ടീസ് കിട്ടിയെന്നും വിശദീകരണം നൽകുമെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
റിപ്പോർട്ടിൽ ഞാൻ പറഞ്ഞത് എല്ലാം കള്ളമെന്നാണ് എഴുതിയിട്ടുള്ളത്. രേഖകൾ സഹിതം കൃത്യമായ മറുപടിയാണ് നൽകിയിരുന്നത്. റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. എങ്ങനെയാണ് അവർക്ക് വിവരം കിട്ടിയത് എന്ന് അറിയില്ല.ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം കള്ളമാണ്. ഇപ്പോഴും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല. അടുത്ത ദിവസം ഉപയോഗിച്ചതും അവസാനം സംഘടിപ്പിച്ചതായിരുന്നു. ഡ്യൂപ്ലിക്കേറ്റ് 1000 രൂപയ്ക്ക് ഇവിടെ കിട്ടും. ഉപകരണം സൂക്ഷിക്കേണ്ടത് വകുപ്പ് മേധാവിയാണ്, അത് ലഭിച്ചില്ലെങ്കിൽ പ്രതിഷേധിക്കുക സ്വാഭാവികമാണെന്നും ഡോ. ഹാരിസ് ഹസൻ വ്യക്തമാക്കി.
സോഷ്യൻ മീഡിയയിൽ പോസ്റ്റിട്ടത് ചട്ട ലംഘനം എന്ന് അംഗീകരിക്കുന്നു. എന്നാൽ ഇപ്പോൾ പുറത്ത് വന്നതിൽ എന്തൊക്കെയാണ് ഫിൽട്ടർ ചെയ്തതെന്ന് അറിയില്ല. പലർക്കും പല താൽപര്യങ്ങളാണ്, അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണം. എന്തൊക്കെയാണ് റിപ്പോർട്ടിൽ എഴുതിയതെന്ന് അറിയണം. നടപടി എന്താണെങ്കിലും സ്വീകരിക്കുമെന്നും എൻ്റെ ജോലി ഫൈറ്റ് ചെയ്യാനുള്ളതല്ലായെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
അതേസമയം, ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കണക്കിൽ നോട്ടീസ് നൽകിയത്. ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതും പരസ്യപ്രസ്താവന നടത്തിയതും തെറ്റാണെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഹാരിസ് ചിറക്കൽ ഉന്നയിച്ച പരാതികൾ എല്ലാം വസ്തുതയല്ല. ഡോക്ടർ ഹാരിസ് പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകൾ മുടക്കി. എന്നാൽ പ്രോബ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇതേ പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയകൾ നടക്കുകയും ചെയ്തു. പരാമർശങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നും നോട്ടീസിലുണ്ട്.