• Thu. Oct 3rd, 2024

24×7 Live News

Apdin News

ശ്രദ്ധിക്കൂ.. ഇനി മുതൽ പ്രിന്‍റ് ചെയ്ത ലൈസൻസും ആർസി ബുക്കും ഇല്ല

Byadmin

Oct 2, 2024


തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ​വി​ങ് ലൈസൻസും വാഹ​ന​ങ്ങ​ളു​ടെ ആർസി ബുക്കും പ്രിന്‍റ് ചെയ്ത് നല്‍കുന്നത് നിർത്തലാക്കുന്നു. ഇവ രണ്ടും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ഇത്തരത്തിൽ രേഖ​കൾ ഡിജിറ്റലായി മാറുന്ന നാലാമത് സംസ്ഥാനമാണ് കേരളം.

ആദ്യ ഘട്ടത്തില്‍ ഡ്രൈവിങ് ലൈസൻസിന്‍റെയും രണ്ടാം ഘട്ടത്തില്‍ ആർസി ബുക്കിന്‍റെയും പ്രിന്‍റിങ് നിർത്തലാക്കി ഇവ ഡൗൺലോഡ് ചെയ്തെടുക്കാമെന്ന രീതിയിലേക്ക് മാറ്റം വരുത്താനാണ് തീരുമാനം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് പ്രിന്‍റിങ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണർ വ്യക്തമാക്കി.

നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ലൈസൻസ് തപാല്‍ മാർഗം ലഭ്യമാവുക. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആർസി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകള്‍ക്കകം തന്നെ ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം. ആ​വ​ശ്യ​മെ​ങ്കി​ൽ പ്രി​ന്‍റെ​ടുക്കാം. എം പരിവാഹൻ സൈറ്റിലെ സാരഥിയില്‍ നിന്ന് ലൈസൻസ് ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറിലും ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു​ആർ കോഡ് സ്‌കാൻ ചെയ്ത് രേഖകള്‍ പരിശോധിക്കാം.

പൊതുമേഖലാ സ്ഥാപനമായ ഐടിഐയുമായുളള കരാറിനെ ധന​ വകുപ്പ് എതിർത്തതോടെ ലൈസൻസ്, ആർസി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവി​ങ് ലൈസൻസു​ക​ൾ​ക്ക് ഒന്നര ലക്ഷം രൂ​പ​വും മൂന്നു മാസത്തെ ആർസി ബുക്കു​ക​ൾ​ക്ക് മൂന്നര ലക്ഷം രൂപയുമാണ് കുടിശിക നല്‍കാനുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് ഡിജിറ്റലിലേക്ക് മാറാനുള്ള തീരുമാനം.

By admin