![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/british-influencer-dies-on-holiday-in-sri-lanka.jpg?resize=696%2C363&ssl=1)
കൊളംബോ: ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ യുവ ബ്രിട്ടിഷ് ഫാഷൻ, ട്രാവൽ ഇൻഫ്ലുവൻസർ താമസിച്ചിരുരുന്ന ബാക്ക്പാക്കേഴ്‌സ് ഹോസ്റ്റലിൽ ഒരു നിഗൂഢ രോഗം പടർന്നുപിടിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഡെർബിയിൽ നിന്നുള്ള 24കാരിയായ എബോണി മക്കിന്റോഷാണ് ശ്രീലങ്കൻ യാത്രയുടെ നാലാം ദിവസം വിടപറഞ്ഞത്. ഛർദ്ദി, ഓക്കാനം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം എബോണി മരിച്ചു.
ജനുവരി 28നാണ് എബോണി യുകെയിൽ നിന്ന് ശ്രീലങ്കയിലേക്ക് പോയത്. മാസങ്ങളോളം യാത്ര ആസൂത്രണം ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്ത ശേഷം ദക്ഷിണേഷ്യൻ പര്യടനത്തിലെ ആദ്യ ലക്ഷ്യസ്ഥാനമായിരുന്നു.
എബോണിയുടെ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തും. നിഗൂഢ രോഗം ബാധിച്ചാണ് മരണമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കുന്നതിന് എബോണിയുടെ സഹോദരി ഇന്ത്യ ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്.