• Sun. Nov 17th, 2024

24×7 Live News

Apdin News

ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം; മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അനുര ദിസനായകെ – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 17, 2024


Posted By: Nri Malayalee
November 16, 2024

സ്വന്തം ലേഖകൻ: പ്രമുഖ പാർട്ടികളെയെല്ലാം നിഷ്പ്രഭമാക്കി ചരിത്ര വിജയവുമായി ശ്രീലങ്കയിൽ പുതുയുഗത്തിനു തുടക്കം കുറിക്കുകയാണ് അനുര ദിസനായകെ. ശ്രീലങ്കയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇതാദ്യമാണ് ഏതെങ്കിലും പാർട്ടിക്കോ സഖ്യത്തിനോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത്.

ഇടതുപക്ഷ നിലപാടുള്ള ദിസനായകെ അടുത്ത കാലം വരെ ശ്രീലങ്ക രാഷ്ട്രീയത്തിൽ ആരുമല്ലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 42% വോട്ടു മാത്രം ലഭിച്ച ദിസനായകെയ്ക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് 61.56% ആയി ഉയർത്താനായി.

രാജപക്സെ കുടുംബത്തിന്റെ ആധിപത്യകേന്ദ്രമായ തെക്കൻ ശ്രീലങ്കയിലും വടക്ക് ജാഫ്നയിലും ദിസനായകെയുടെ എൻപിപി നേടിയ ആധിപത്യം ദിശാസൂചകമാണ്. രാജ്യം അടിസ്ഥാനപരമായ മാറ്റത്തിലേക്കു ചുവടുവയ്ക്കുകയാണെന്ന സൂചന.

തമിഴ് രാഷ്ട്രീയ പാർട്ടികളും ദിസനായകെയിൽ പ്രതീക്ഷ പുലർത്തുന്നു. ജാഫ്നയിലെ 8 സീറ്റിൽ മൂന്നെണ്ണം എൻപിപിക്കു ലഭിച്ചു. സജിത് പ്രേമദാസയുടെ എസ്ജെബി മുഖ്യ പ്രതിപക്ഷമാകും. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരമന 0.16% വോട്ടും 2 സീറ്റുമായി ശ്രീലങ്കയുടെ രാഷ്ട്രീയചിത്രത്തിൽനിന്നു പുറത്താകും.

മുൻപൊരിക്കലും അധികാരത്തിന്റെ ഏഴയലത്തുപോലും എത്താനാകാത്ത പാർട്ടിക്കാണ് ജനം വൻവിജയം സമ്മാനിച്ചിരിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ വൻമാറ്റം പ്രതീക്ഷിക്കാം. മാർക്സിസ്റ്റ് ആശയങ്ങളിൽ പ്രചോദിതനായി ജനങ്ങളുടെ അവകാശങ്ങൾക്കായി പൊരുതിയ അനുര ദിസനായകെ ശ്രീലങ്കയുടെ തകർന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ട്.

മാറ്റത്തിനു മികച്ച ഭൂരിപക്ഷം നൽകൂ എന്ന അനുരയുടെ പ്രചാരണത്തിനു ഫലമുണ്ടായി. വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ നല്ല ഭൂരിപക്ഷം ലഭിച്ചേ തീരൂ. സാമ്പത്തിക പ്രതിസന്ധിയിലുള്ള രാജ്യത്തെ രക്ഷിക്കാൻ കടുത്ത നടപടികൾ ആവശ്യമാണെന്നും അതിനു തന്നെ പിന്തുണയ്ക്കണമെന്നുമുള്ള അഭ്യർഥന ജനം മാനിച്ചു. നിലവിലെ സംവിധാനത്തെ അലങ്കോലപ്പെടുത്താതെ തിരുത്തുന്നതിനാണ് അനുര ശ്രദ്ധവച്ചത്. അതിൽ ജനം ശരിക്കും തൃപ്തരായി. നികുതി വർധന പോലും ജനത്തെ പ്രകോപിപ്പിച്ചില്ല.

ശ്രീലങ്കയിൽ പുതുയുഗം പിറക്കുകയാണ്. പാർലമെന്റിലെ പുതിയ അംഗങ്ങളിൽ മിക്കവരും നവാഗതരാണ്. പുതിയ ചിന്തയും സമീപനവും വലിയ മാറ്റങ്ങൾക്ക് ഇടയാക്കും. പ്രധാനമന്ത്രി സ്ഥാനത്ത് ഡോ. ഹരിണി അമരസൂര്യ തുടർന്നേക്കും. 27 അംഗ മന്ത്രിസഭയെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.

പാർലമെന്റിന്റെ ആദ്യ സമ്മേളനം അടുത്തയാഴ്ച നടക്കും. എക്സിക്യൂട്ടീവ് പ്രസിഡന്റ് പദവി നിർത്തലാക്കുമെന്ന വാഗ്ദാനമാകും ആദ്യം പ്രഖ്യാപിക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഭരണത്തിനു സ്ഥിരത നൽകുകയും ചെയ്യും. രാജ്യാന്തര നാണ്യനിധിയുമായി പുതിയ കരാറിലെത്തുമെന്ന വാഗ്ദാനം പാലിക്കപ്പെടുന്നതും ജനം ഉറ്റുനോക്കുന്നു.

By admin