
കറാച്ചി: ന‍്യൂസിലൻഡിനെതിരേ ടി-20 പരമ്പര നഷ്ടമായതിനു പിന്നാലെ പേസർ ഷഹീൻ അഫ്രീദിയെയും ഷദാബ് ഖാനെയും അഞ്ചാം ടി-20യിലേക്കുള്ള പാക്കിസ്ഥാൻ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും ബെഞ്ചിലുള്ള മറ്റു താരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി പറഞ്ഞു.
ന‍്യൂസിലൻഡിനെതിരായ 5 മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരയിൽ 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ 3 എണ്ണത്തിലും പാക്കിസ്ഥാൻ തോൽവിയറിഞ്ഞിരുന്നു. ഇതോടെ ന‍്യൂസിലൻഡ് പരമ്പര സ്വന്തമാക്കി. മൂന്നാം ടി20 ഒഴികെയുള്ള എല്ലാ മത്സരത്തിലും മോശം പ്രകടനമാണ് പാക്കിസ്ഥാൻ കാഴ്ചവച്ചത്.
മൂന്നാം മത്സരത്തിൽ ന‍്യൂസിലൻഡ് ഉയർത്തിയ 205 റൺസ് വിജയലക്ഷ‍്യം ഒമ്പത് വിക്കറ്റ് ബാക്കി നിൽക്കെ പാക്കിസ്ഥാൻ മറികടന്ന് വിജയിച്ചിരുന്നു. ഓപ്പണിങ് ബാറ്റർ ഹസൻ നവാസിന്‍റെ സെഞ്ചുറിയാണ് ടീമിന് കരുത്തേകിയത്.
എന്നാൽ ആദ‍്യ മത്സരത്തിൽ 91 റൺസിനും രണ്ടാം മത്സരത്തിൽ 135 റൺസിനും നാലാം മത്സരത്തിൽ 105 റൺസിലും പാക്കിസ്ഥാൻ ഒതുങ്ങി. അതേസമയം നാലു മത്സരങ്ങൾ കളിച്ച ഷഹീൻ അഫ്രീദിക്ക് നാലു വിക്കറ്റും ഷദാബ് ഖാന് ഒരു വിക്കറ്റും മാത്രമാണ് നേടാനായത്.