Posted By: Nri Malayalee
January 14, 2025
സ്വന്തം ലേഖകൻ: കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ വാടക സൂചിക ഏർപ്പെടുത്താൻ ആലോചിക്കുന്നു. ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കും.
ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി നിശ്ചയിക്കുന്നതിനാൽ വാടകനിരക്കും പരാതികളുടെ എണ്ണവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനു മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. ഓരോ പ്രദേശത്തെയും വാടക നിലവാരം ജനങ്ങൾക്ക് കാണാവുന്ന വിധത്തിലാണ് ഷാർജ റെന്റൽ ഇൻഡക്സ് തയാറാക്കുക. റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും വാടക സൂചികയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഷാർജ റിയൽ എസ്റ്റേറ്റ് വകുപ്പുമായി സഹകരിച്ചാണ് വാടക സൂചിക പുറത്തിറക്കുകയെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി പറഞ്ഞു. ഈ മാസം 22ന് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കാനാണ് പദ്ധതി. വാടക വർധനയ്ക്ക് കടിഞ്ഞാണിട്ട് അബുദാബിയിൽ 2024 ഓഗസ്റ്റിലും ദുബായിൽ ഈ മാസം ആദ്യവും വാടക സൂചിക ആരംഭിച്ചിരുന്നു.
ദുബായിലെ വാടക വർധനയിൽനിന്ന് രക്ഷപ്പെടാൻ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിലാണ് പലരും താമസിക്കുന്നത്. അതിർത്തി പ്രദേശമായ അൽനഹ്ദ, അൽവഹ്ദ ഭാഗങ്ങളിലെ വാടക ദുബായിലേതിനെക്കാൾ വലിയ വ്യത്യാസമില്ലാതാകുകയും ഷാർജയിലേക്കുള്ള ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തതോടെ പലരും ദുബായിലേക്കു താമസം മാറ്റിയിരുന്നു. പുതിയ റെന്റൽ ഇൻഡെക്സിലൂടെ ഷാർജയിലെ വാടക കുറഞ്ഞാൽ ദുബായിൽനിന്നുള്ള താമസക്കാരുടെ ഒഴുക്കു കൂടും. പകരം വാടക വർധിച്ചാൽ ദുബായിലേക്കു തിരിച്ചുപോക്കുമുണ്ടാകും.