Posted By: Nri Malayalee
January 13, 2025
സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ജെ. ട്രംപ് അധികാരമേല്‍ക്കാന്‍ ഇനി ഒരാഴ്ച മാത്രം. ജനുവരി 20 തിങ്കളാഴ്ചയാണ് ട്രംപിന്റെ സത്യപ്രതിജ്ഞ നടക്കുക. തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോളില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാത്രി 10:30) ചടങ്ങുകള്‍ ആരംഭിക്കുക. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും.
സാധാരണഗതിയില്‍ യു.എസ്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന പതിവില്ല. എന്നാല്‍ തന്റെ രണ്ടാമങ്കത്തില്‍ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ് ട്രംപ്. ഇന്ത്യ ഉള്‍പ്പെടെ ഒട്ടേറെ ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്ക് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു. പല നേതാക്കളേയും ട്രംപ് വ്യക്തിപരമായി തന്നെയാണ് ക്ഷണിച്ചിരിക്കുന്നത്.
ഇതില്‍ പ്രധാനപ്പെട്ടത് ചൈനീസ് പ്രസിഡന്റിനുള്ള ക്ഷണമാണ്. യു.എസ്സും ചൈനയും തമ്മിലുള്ള വൈരത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രംപിന്റെ ഈ ക്ഷണത്തിന് രാഷ്ട്രീയമായി വലിയ പ്രസക്തിയാണുള്ളത്. സഖ്യരാജ്യങ്ങളിലെ നേതാക്കളെ മാത്രമല്ല, എതിരാളികളായ രാഷ്ട്രങ്ങളിലെ നേതാക്കളുമായി പോലും പ്രസിഡന്റ് ട്രംപ് തുറന്ന് സംസാരിക്കുമെന്നതിന്റെ ഉദാഹരണമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണമെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു.
അതേസമയം ഷി ജിന്‍ പിങ് ചടങ്ങില്‍ പങ്കെടുത്തേക്കില്ല എന്നാണ് വിവരം. പകരം ചൈനീസ് വൈസ് പ്രസിഡന്റോ വിദേശകാര്യമന്ത്രിയോ ആകും എത്തുക. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും.
തന്റെ സത്യപ്രതിജ്ഞയുടേത് ‘ലോകവേദി’ തന്നെയാകണമെന്ന നിര്‍ബന്ധമാണ് ട്രംപിനുള്ളത്. ഇതിന്റെ ഭാഗമായി എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുകെലെ, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലെയ് എന്നിവരെയും ‘ടീം ട്രംപ്’ ക്ഷണിച്ചിട്ടുണ്ട്. ‘ഞാന്‍ ഒരുപാട് മഹദ് വ്യക്തികളെ ക്ഷണിച്ചിട്ടുണ്ട്. അവരെന്റെ ക്ഷണം സ്വീകരിച്ചിട്ടുമുണ്ട്.’ -ട്രംപ് പറഞ്ഞു.
അതേസമയം കോര്‍പ്പറേറ്റ് ലോകവും ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ മത്സരിക്കുകയാണ്. ചടങ്ങിനായി വന്‍തോതിലാണ് സംഭാവന ഒഴുകുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകരം ഇതുവരെ 17 കോടി ഡോളറാണ് സംഭാവന ലഭിച്ചത്. ഇത് 20 കോടി ഡോളര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബോയിങ്, ഗൂഗിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആമസോണ്‍, ഊബര്‍, ഷെവ്‌റോണ്‍, ആപ്പിള്‍, ഓപ്പണ്‍ എ.ഐ. എന്നിവര്‍ 10 ലക്ഷം ഡോളര്‍ വീതമാണ് സംഭാവന നല്‍കുന്നത്. സത്യപ്രതിജ്ഞയ്ക്ക് സംഭവാന ലഭിക്കുന്നതിന്റെ റെക്കോര്‍ഡ് നേരത്തേ തന്നെ ട്രംപിനുള്ളതാണ്. 2017-ല്‍ ആദ്യതവണ പ്രസിഡന്റായപ്പോള്‍ 10.7 കോടി ഡോളറാണ് സംഭാവന ലഭിച്ചത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ 2021-ല്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സംഭാവനയായി ലഭിച്ചത് 6.2 കോടി ഡോളര്‍ മാത്രമായിരുന്നു.
സംഭാവന പെരുമഴയായി പെയ്യുമ്പോഴും സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള വി.ഐ.പി. പാസ് കിട്ടാനില്ലെന്നാണ് കോര്‍പ്പറേറ്റ് ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന പരാതി. സ്ഥലപരിമിതി മൂലം വി.ഐ.പി. പാസ് ലഭ്യമല്ല എന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വന്‍തുക സംഭാവന നല്‍കിയ പല പ്രധാനികളും പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭാവന നല്‍കാനായുള്ള ലിങ്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വി.ഐ.പി. പാസ് കിട്ടാത്തവര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ വഴി ലഭിക്കുന്ന സൗജന്യ ടിക്കറ്റ് ഉപയോഗിച്ച് മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കൂ.