• Sat. Apr 26th, 2025

24×7 Live News

Apdin News

സര്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

Byadmin

Apr 26, 2025


മനാമ: സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം. ഹജിയാത്തിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് ആവശ്യം ഉയര്‍ന്നത്. അപകടത്തില്‍ മാതാവും മകനും മരണപ്പെട്ടിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി 116 താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ഹജിയാത്തിലെ പ്രതിനിധികളായ സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സാമ്പത്തിക, ഭരണ, നിയമനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ദരാജ്, പാര്‍ലമെന്റ് സാമ്പത്തിക, സാമ്പത്തിക കാര്യ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മറാഫി എന്നിവരാണ് ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഹോട്ടലുകളിലും മറ്റും നടപ്പാക്കുന്ന അതേരീതി അപ്പാര്‍ട്ട്‌മെന്റുകളിലും ഒരുക്കണമെന്നാണ് ആവശ്യം. നിലവില്‍ ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ ഭവന പദ്ധതികളില്‍ ഇടനാഴികളിലും പ്രവേശന കവാടങ്ങളിലും പുക ഡിറ്റക്ടറുകളും സ്പ്രിംഗ്‌ളറുകളും യൂനിറ്റുകള്‍ക്കുള്ളില്‍ അഗ്‌നിശമന ഉപകരണങ്ങളുമുണ്ട്. എന്നാല്‍ പലര്‍ക്കും അതെങ്ങനെ ഉപയോഗിക്കണമെന്ന ധാരണയില്ല. കൂടാതെ പല അഗ്‌നിശമന ഉപകരണങ്ങളും കാലാവധി കഴിഞ്ഞതോ വീണ്ടും നിറക്കാത്തതോ ആണെന്നും ആക്ഷേപമുണ്ട്.

കൂടാതെ കെട്ടിടങ്ങളില്‍ എമര്‍ജന്‍സി ഗോവണികള്‍ വേണമെന്ന് മുഹമ്മദ് ദരാജ് പറഞ്ഞു. ഉയര്‍ന്ന കെട്ടിടങ്ങളിലെ എമര്‍ജന്‍സി ഗോവണികള്‍ അടിയന്തര സാഹചര്യത്തില്‍ രക്ഷാമാര്‍ഗമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളില്‍ അഗ്‌നിസുരക്ഷാ സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താനും അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും അടിയന്തര നവീകരണങ്ങള്‍ക്കായി ബജറ്റ് അനുവദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു.

 

The post സര്‍ക്കാര്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin