• Thu. Dec 18th, 2025

24×7 Live News

Apdin News

‘സര്‍ക്കാര്‍ കൂടെയുണ്ടാകും’; അതിജീവിത ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

Byadmin

Dec 18, 2025


നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കി. 20 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടുനിന്നു.

ഇന്ന് രാവിലെയാണ് അതിജീവിത ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയത്. ഇന്ന് വൈകീട്ടോടെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അതിജീവിത മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. സിനിമാ മേഖലയിലും പുറത്തും നടി ഇക്കാലയളവില്‍ നേരിട്ട പ്രതിസന്ധികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ നടിക്കെതിരെ നടക്കുന്ന അധിക്ഷേപവും ചര്‍ച്ചയായെന്നും സൂചനയുണ്ട്. ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

കേസിലെ വിധി വന്നതിന് പിന്നാലെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമയെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

By admin