
നടന്‍ കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണം കഴിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണെന്ന നടന്റെ അഭിപ്രായത്തിനു പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം.
കഴിഞ്ഞ ദിവസം തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി ഉമാ തോമസ് എംഎല്‍എയുടെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ പരാമര്‍ശം. പിന്നാലെ, മന്ത്രി വി ശിവന്‍കുട്ടി മറുപടിയുമായി എത്തുകയായിരുന്നു. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും. കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണമെനു പരിഷ്‌കരിച്ചിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘മികച്ച ഭക്ഷണം നല്‍കേണ്ടത് ജയിലിലല്ല, സ്‌കൂള്‍ കുട്ടികള്‍ക്കാണ്’- കുഞ്ചാക്കോ ബോബന്‍’
ഈ രൂപത്തിലുള്ള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ ആണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് ചാക്കോച്ചന്‍ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകള്‍ ഞാന്‍ കേട്ടു. ചാക്കോച്ചന്‍ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് സന്ദര്‍ശനം നടത്താന്‍ ചാക്കോച്ചനെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികള്‍ക്കും സന്തോഷമാവും.
കുഞ്ഞുങ്ങള്‍ക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.