• Sat. Aug 2nd, 2025

24×7 Live News

Apdin News

സാറിലെ വാഹനാപകടം: പ്രതിയെ വെറുതെ വിടണമെന്ന് ആവശ്യം, വീണ്ടും വിധി പറയും

Byadmin

Aug 1, 2025


 

മനാമ: മെയ് 30ന് സാറില്‍ നടന്ന വാഹനാപകട കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ തന്റെ കക്ഷിയെ വെറുതെ വിടണമെന്ന ആവശ്യവുമായി രംഗത്ത്. അല്ലെങ്കില്‍ ശിക്ഷ കുറക്കുകയും അതിന്റെ നടപ്പാക്കല്‍ താല്‍കാലികമായി നിര്‍ത്തിവക്കുകയും ചെയ്യണമെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. അപകടത്തില്‍ ഒരു കുടുംബത്തിലെ ദമ്പതികളും മകനും മരിക്കുകയും മറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം നടന്ന വാദം കേള്‍ക്കലില്‍, കീഴ്‌കോടതിയുടെ വിധി പ്രാഥമിക പൊലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രതി മറ്റൊരു വാഹനത്തെ മറികടന്ന് എതിര്‍ ദിശയിലേക്ക് പ്രവേശിച്ച് കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേസ് ഫയലിലുള്ള സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഈ വാദത്തെ നിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിഡിയോയില്‍, പ്രതിയുടെ കാര്‍ പെട്ടെന്ന് നിയന്ത്രണംവിട്ട് ഒരു റോഡരികിലെ മണല്‍ ഭിത്തിയിലും മരങ്ങളിലും തട്ടി നില്‍ക്കുന്നതായി കാണാം. ഏതാനും നിമിഷങ്ങള്‍ക്കകം, ഇരകളുടെ കാര്‍ സമയത്തിന് ബ്രേക്ക് ചെയ്യാതെ പ്രതിയുടെ വാഹനത്തിന്റെ മുന്‍വശത്തെ വലത് ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

അപകടസമയത്ത് പ്രതിയായ ബഹ്റൈനി ഡ്രൈവര്‍ അമിത വേഗതയിലും എതിര്‍ ദിശയിലും മദ്യലഹരിയിലുമാണെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ, ട്രാഫിക് കോടതി ഇയാള്‍ക്ക് ആറ് വര്‍ഷം തടവും ശിക്ഷ അനുഭവിച്ച ശേഷം ഒരു വര്‍ഷത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും വാഹനം കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. കേസില്‍ ആഗസ്റ്റ് 14ന് വിധി പറയാന്‍ രണ്ടാം ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി തീരുമാനിച്ചു.

The post സാറിലെ വാഹനാപകടം: പ്രതിയെ വെറുതെ വിടണമെന്ന് ആവശ്യം, വീണ്ടും വിധി പറയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin