• Sun. Apr 20th, 2025

24×7 Live News

Apdin News

സാഹിത്യ നൊബേൽ ജേതാവ് മരിയോ വർഗാസ് യോസ അന്തരിച്ചു

Byadmin

Apr 14, 2025


ലിമ (പെറു): നൊബേൽ സാഹിത്യ പുരസ്കാരത്തിന് അർഹനായിട്ടുള്ള പെറുവിയൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. ലാറ്റിനമെരിക്കൻ സാഹിത്യലോകത്തെ അതികായനാണ് എൺപത്തൊമ്പതാം വയസിൽ വിടവാങ്ങിയിരിക്കുന്നത്.

മകൻ അൽവാരോയാണ് എക്സിൽ പോസ്റ്റ് ചെയ്ത കത്തിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത്. അൽവാരോയെ കൂടാതെ മറ്റു മക്കളായ ഗോൺസാലോയും മോർഗാനയും കൂടി ഒപ്പുവച്ച കത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹം അടക്കം ചെയ്യുമെന്നും പൊതു പരിപാടികൾ ഉണ്ടായിരിക്കുന്നതല്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

ദ ടൈം ഒഫ് ദ ഹീറോ, ഫീസ്റ്റ് ഒഫ് ദ ഗോട്ട് തുടങ്ങി ഏറെ ആഘോഷിക്കപ്പെട്ട നോവലുകളുടെ രചയിതാവാണ് യോസ. അനുവാചകരുടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ, 2010ലാണ് അദ്ദേഹം സാഹിത്യ നൊബേലിന് അർഹനാകുന്നത്.

1959ലാണ് അദ്ദേഹത്തിന്‍റെ ആദ്യ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്- ദ കബ്സ് ആൻഡ് അദർ സ്റ്റോറീസ്. 1963ൽ തന്‍റെ ആദ്യ നോവലായ ദ ടൈം ഒഫ് ദ ഹീറോ അദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. പെറുവിയൻ സൈനിക അക്കാഡമിയിലെ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ യോസ എഴുതിയ നോവൽ അധികൃതരുടെ രോഷത്തിനും കാരണമായിരുന്നു.

സൈനിക അധികൃതർ പുസ്തകത്തിന്‍റെ ആയിരം കോപ്പികൾ കത്തിക്കുകയും ചെയ്തു. യോസ കമ്യൂണിസ്റ്റാണെന്നും, നോവലിൽ പറയുന്ന കാര്യങ്ങൾ വസ്തുതാതവിരുദ്ധമാണെന്നും അന്നത്തെ സൈനിക ജനറൽമാർ ആരോപിച്ചിരുന്നു.

1969ൽ പ്രസിദ്ധീകരിച്ച കൺവെർഷൻ ഒഫ് ദ കത്തീഡ്രൽ എന്ന നോവൽ അദ്ദേഹത്തെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിനും കാർലോസ് ഫ്യൂന്‍റസിനുമൊപ്പം ലാറ്റിനമെരിക്കൻ നവതരംഗ സാഹിത്യകാരൻമാരുടെ മുൻനിരയിൽ പ്രതിഷ്ഠിച്ചു.

വ്യക്തി സ്വാതന്ത്ര്യത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടി ശക്തമായി വാദിച്ച ലേഖനങ്ങളും അദ്ദേഹം എഴുതി. ആദ്യകാലത്തെ കമ്യൂണിസ്റ്റ് സഹയാത്ര അവസാനിപ്പിച്ച അദ്ദേഹം പിന്നീട് ലാറ്റിനമെരിക്കൻ ഇടതുപക്ഷത്തിന്‍റെ കടുത്ത വിമർശകനായും മാറി.

ക്യൂബൻ വിപ്ലവത്തെയും ഫിഡൽ കാസ്ട്രോയെയും തുടക്കത്തിൽ പിന്തുണച്ചിരുന്ന യോസ പിൽക്കാലത്ത് കാസ്ട്രോയുടെ ക്യൂബയെ തള്ളിപ്പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ പ്രശ്നപരിഹാരത്തിലേക്കുള്ള മാർഗം സോഷ്യലിസമാണെന്ന വിശ്വാസം തനിക്കിപ്പോഴില്ലെന്ന് 1980ൽ അദ്ദേഹം പ്രഖ്യാപിച്ചു.

കാസ്ട്രോയുടെ ആളാണെന്നാരോപിച്ച് 1976ൽ അദ്ദേഹം മെക്സിക്കോ സിറ്റിയിൽ വച്ച് മാർക്കേസിനെ മർദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇതിന്‍റെ യഥാർഥ കാരണങ്ങളെക്കുറിച്ച് ഇരുവരും പരസ്യമായി ഒന്നും പങ്കുവച്ചിട്ടില്ല.

By admin