![dr-biju](https://i0.wp.com/www.pravasiexpress.com/wp-content/uploads/2025/02/dr-biju.jpg?resize=696%2C382&ssl=1)
കെഎസ്എഫ്ഡിസിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ ബിജു. സിനിമയുടെ വികസനത്തിനെന്ന പേരില്‍ പ്രഖ്യാപിക്കുന്ന പല പ്രൊജക്റ്റുകളും തികഞ്ഞ വഞ്ചനയാണെന്നും സര്‍ക്കാര്‍ ഓരോ വര്‍ഷവും ബജറ്റില്‍ വകയിരുത്തുന്ന കോടികള്‍ പാഴായിപ്പോവുകയാണെന്നും ഡോ ബിജു ആരോപിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച സി സ്പെയിസ് എന്ന ഒടിടി പ്ലാറ്റ് ഫോം നിര്‍മ്മാതാക്കളെ പറ്റിക്കുന്ന സ്ഥാപനമായി മാറിയെന്നും ബിജു തന്റെ സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ആരോപിക്കുന്നു.
ഐഎഫ്എഫ്‌കെയോടനുബന്ധിച്ച് നടത്തുന്ന ഫിലിം മാര്‍ക്കറ്റ് മറ്റൊരു തട്ടിപ്പാണെന്നും ബിജു ആരോപിക്കുന്നു. കെഎസ്എഫ്ഡിസി ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയണം, ചിത്രജ്ഞലി സ്റ്റുഡിയോയില്‍ ഒരു ഡോള്‍ബി മിക്സിംഗ് തിയറ്ററിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമായെങ്കിലും ഇപ്പോഴും അത് പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഒരു ഒടിടി പ്ലാറ്റ്ഫോം നടത്താന്‍ കഴിയാത്ത ചിത്രജ്ഞലി ഡോള്‍ബി തിയേറ്റര്‍ ടിക്കറ്റ് സംവിധാനം നടത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കുമെന്ന് ആരും വിശ്വസിക്കില്ലെന്നും ബിജു ആരോപിക്കുന്നു.
ഇത്തവണത്തെ ബജറ്റില്‍ 21 കോടി രൂപയാണ് കെഎസ്എഫ്ഡിസിക്കായി വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 18 കോടി രൂപയായിരുന്നു. കണ്ണൂരിലും മൂന്നാറിലുമായി പുതിയ തിയേറ്റര്‍ ആരംഭിക്കാനാണ് അധിക തുക.
വനിതാ സംവിധായകര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമായുള്ള സിനിമ നിര്‍മ്മാണ സ്‌കീമില്‍ സിനിമ സംവിധാനം ചെയ്തവരെല്ലാം നിരവധി പരാതികളാണ് കെ എസ് എഫ് ഡി സിക്കെതിരെ ഉന്നയര്‍ത്തിയിരിക്കുന്നത്. സിനിമാ നിര്‍മ്മാണ്തതിന് അനുവദിക്കുന്ന തുകയില്‍ നിന്നും ഭീമമായൊരു വിഹിതം പബ്ലിസിറ്റിക്കെന്ന പേരില്‍ നിര്‍ബന്ധപൂര്‍വ്വം പിടിക്കുകയാണ്. എന്നാല്‍ പബ്ലിസിറ്റിക്കായി കെ എസ് എഫ് ഡി സി ഒന്നും ചെയ്യാറില്ലെന്നുമാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന പരാതി. ഇത്തരം വിഷയങ്ങളില്ലാം ജനശ്രദ്ധ പതിയേണ്ടതുണ്ടെന്നും ഡോ ബിജു വ്യക്തമാക്കുന്നു.
ഡോ.ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരള സര്‍ക്കാരിന്റെ 2025 – 26 വര്‍ഷത്തെ ബജറ്റില്‍ കല സംസ്‌കാരം എന്ന ഇനത്തില്‍ അനുവദിച്ച ബജറ്റ് വിശദാംശങ്ങള്‍ ഒന്ന് വായിച്ചു നോക്കുകയായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബജറ്റില്‍ എന്താണ് പറയുന്നത് എന്നതാണ് പ്രത്യേകം ശ്രദ്ധിച്ചത്.
ഈ കുറിപ്പില്‍ കെഎസ്എഫ്ഡിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ്. ചലച്ചിത്ര അക്കാദമിയുടെ ബജറ്റ് ചര്‍ച്ച അടുത്ത കുറിപ്പില്‍ ആവാം.
കെഎസ്എഫ്ഡിസിയ്ക്കായി ബജറ്റില്‍ 21 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ 18 കോടി രൂപ ആയിരുന്നു. ഇത്തവണ അധികമായി അനുവദിച്ച മൂന്നു കോടി രൂപ കണ്ണൂരും മൂന്നാറിലും പുതിയ തിയറ്ററുകള്‍ നിര്‍മിക്കുന്നതിനാണ്. ബാക്കി തുകയുടെ വിനിയോഗം നിര്‍ദേശിക്കുന്നത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ആയാണ്.
ചേര്‍ത്തല, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലെ കൈരളി ശ്രീ, തിയറ്ററുകളുടെ നവീകരണം, മൂന്നാറില്‍ ഐമാക്സ് ഡോം തിയറ്ററും സിനിമാ പോസ്റ്റ് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കാനുള്ള ഡിപിആര്‍ തയ്യാറാക്കല്‍, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ വര്‍ക്ക് ഫ്ലോ മാനെജ്മെന്റ് സിസ്റ്റം ഡെവലപ് ചെയ്യുക, കലാഭവന്‍ തിയറ്റര്‍ റിന്നോവേഷന്‍, കേരളത്തിലെ തിയറ്ററുകള്‍ക്കായി സെന്‍ട്രലൈസ്ഡ് ഈ ടിക്കറ്റിംഗ് സിസ്റ്റം, സി സ്പെയ്സ് ഓടിടി പ്ലാട്ഫോമിന്റെ മെയിന്റനന്‍സ്, കെഎസ്എഫ്ഡിസി സ്റ്റാഫുകള്‍ക്കായി ട്രെയിനിംഗ്, ഐഎഫ്എഫ്‌കെയില്‍ ഫിലിം മാര്‍ക്കറ്റ്, AVGC – XR സ്റ്റുഡിയോ നിര്‍മാണം, തുടങ്ങിയവയാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കണ്ണൂരും മൂന്നാറും പുതിയ തിയറ്ററുകള്‍ നിര്‍മിക്കുന്നതിനായുള്ള ഡിപിആര്‍ നിര്‍മിക്കുന്നതിനായി മാത്രം ഇതില്‍ നിന്നും മൂന്നു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനിതകളുടെയും പട്ടിക ജാതി / വര്‍ഗ്ഗ സംവിധായകരുടെയും ചിത്രങ്ങള്‍ നിര്‍മിക്കാനായി ആറു കോടി രൂപ വീണ്ടും വകയിരുത്തിയിട്ടുണ്ട് എന്നത് ഏറെ പ്രധാനം.
മലയാള സിനിമാ ചരിത്രം പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു ചലച്ചിത്ര മ്യൂസിയം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നു വരുന്നു എന്നും ബജറ്റില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഓറ്റിറ്റി പ്ലാറ്റ്ഫോം ഒരുക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്നും അഭിമാനപൂര്‍വം ബജറ്റില്‍ പറയുന്നത്. ബജറ്റ് മൊത്തം വായിച്ചു കഴിഞ്ഞപ്പോള്‍ ചില കാര്യങ്ങളില്‍ മാത്രം ആകെ കണ്‍ഫ്യൂഷന്‍.
സി സ്പെയ്സ് എന്ന സര്‍ക്കാര്‍ ഓറ്റിറ്റി പ്ലാട്ഫോമിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
അതില്‍ സിനിമ കാണിച്ചിട്ടുള്ള ഏതെങ്കിലും സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും രൂപ റവന്യൂ ആയി ലഭിച്ചിട്ടുണ്ടോ?
അതില്‍ പ്രദര്‍ശിപ്പിക്കുന്ന ഏതെങ്കിലും ഒരു സിനിമ ആയിരം പേരെങ്കിലും തികച്ചു കണ്ടിട്ടുണ്ടോ?
സാങ്കേതിക തകരാറില്ലാതെ സിനിമകള്‍ കാണാന്‍ ഈ ഓറ്റിറ്റി പ്ലാറ്റ്ഫോമില്‍ എപ്പോഴെങ്കിലും സാധിക്കാറുണ്ടോ?
ഈ പ്ലാറ്റ്ഫോമില്‍ സിനിമകള്‍ കൊടുത്തിട്ടുള്ള ഒട്ടേറെ സംവിധായക / നിര്‍മാതാക്കള്‍ സുഹൃത്തുക്കള്‍ ഉണ്ട്. അവര്‍ അവരുടെ അനുഭവങ്ങള്‍ പറയുമല്ലോ.
മറ്റൊരു തമാശ ഐഎഫ്എഫ്‌കെയോട് ഒപ്പം നടത്തുന്ന ഫിലിം മാര്‍ക്കറ്റ് ആണ്. ഫിലിം മാര്‍ക്കറ്റിന്റെ അടിസ്ഥാന ലക്ഷ്യം പോലും മനസ്സിലാക്കാതെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ തട്ടിക്കൂട്ട് ഫിലിം മാര്‍ക്കറ്റ് കൊണ്ട് എന്ത് പ്രയോജനം ആണുണ്ടായത് എന്നത് ഒരു പൊതു ഓഡിറ്റ് നടത്തിയ ശേഷം വേണ്ടേ വീണ്ടും പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യാന്‍ കെഎസ്എഫ്ഡിസിയെ അനുവദിക്കുന്നത്.
അതേപോലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഒരു ഡോള്‍ബി മിക്സിംഗ് തിയറ്റര്‍ പണി തുടങ്ങിയിട്ട് ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു. അത് ഇനി എപ്പോള്‍ തീരുമോ ആവോ. തിയറ്ററുകള്‍ക്ക് ഈ ടിക്കറ്റിംഗ് സിസ്റ്റം എന്നതും കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. മര്യാദയ്ക്ക് ഒരു ഓറ്റിറ്റി പ്ലാറ്റ്‌ഫോം പോലും നടത്താന്‍ സാധിക്കാത്ത സ്ഥാപനം ആണ് ഈ ടിക്കറ്റ് സംവിധാനം നടത്താന്‍ പോകുന്നത്. ഏതായാലും ബഡ്ജറ്റ് പതിവ് പോലെ നടക്കട്ടെ. എട്ടിലെ പശു പുല്ലു തിന്നില്ല എന്നാണല്ലോ..
വാല്‍ക്കഷണം – വനിതാ സംവിധായകര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട സംവിധായകര്‍ക്കും ആയുള്ള സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ആ സ്‌കീമില്‍ തിരഞ്ഞെടുക്കപ്പെട്ടു സിനിമ ചെയ്ത ഒട്ടേറെ സംവിധായകര്‍ വലിയ തോതിലുള്ള പരാതികളും ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇത്ര കാലമായും സര്‍ക്കാര്‍ ആ പരാതികള്‍ക്ക് യാതൊരു പരിഹാരവും ഉണ്ടാക്കാന്‍ ഇടപെടല്‍ നടത്തിയിട്ടില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.