• Tue. Feb 11th, 2025

24×7 Live News

Apdin News

സിനിമ നിർമാണത്തിന്‍റെ പേരിൽ നാല് കോടി തട്ടി; പരാതിയുമായി നടി ആരുഷി

Byadmin

Feb 11, 2025


ഡെറാഡൂൺ: സിനിമയുടെ പേരിൽ കോടികൾ തട്ടി‍യെടുത്ത നിർമാതാക്കൾക്കെതിരേ പരാതിയുമായി നടി ആരുഷി നിഷാങ്ക്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ രമേഷ് പൊഖ്രിയാല്‍ നിഷാങ്കിന്‍റെ മകളാണ് ആരുഷി. ദമ്പതികളായ മാൻസി, വരുൺ എന്നിവരാണ് നാലു കോടി രൂപയോളം ആരുഷിയുടെ കൈയിൽ നിന്നു തട്ടിയെടുത്തത്.

പുതിയ സിനിമയിലേക്ക് പണം മുടക്കാനായാണ് നിര്‍മാതാക്കളായ ദമ്പതിമാര്‍ തന്നെ സമീപിച്ചതെന്നാണ് ആരുഷി പറയുന്നത്. അഞ്ച് കോടി രൂപ സിനിമയ്ക്കായി നിക്ഷേപിച്ചാല്‍ സിനിമയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരവും 20 ശതമാനം ലാഭവുമായിരുന്നു വാഗ്ദാനം.

ഏകദേശം 15 കോടിയോളം രൂപ ലാഭത്തുക മാത്രം വരുമെന്നും ഇവര്‍ നടിയെ വിശ്വസിപ്പിച്ചു. സിനിമയിലെ കഥാപാത്രത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മുടക്കിയ പണം 15 ശതമാനം പലിശസഹിതം തിരികെ നല്‍കാമെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു.

2024 ഒക്ടോബറിലായിരുന്നു നിർമാതാക്കളുമായി ‌ധാരണാപത്രം ഒപ്പുവച്ചത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ രണ്ടുകോടി രൂപ വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഏകദേശം നാലുകോടിയോളം രൂപയാണ് പ്രതികള്‍ വാങ്ങിയതെന്നും നടി പറഞ്ഞു.

എന്നാല്‍, നിര്‍മാതാക്കള്‍ സിനിമയുടെ തിരക്കഥ പോലും അന്തിമമായി തീരുമാനിച്ചിരുന്നില്ലെന്നാണ് ആരുഷിയുടെ ആരോപണം. മാത്രമല്ല, സിനിമയില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നും തന്‍റെകഥാപാത്രം മറ്റൊരു നടിക്ക് നല്‍കിയെന്നും ആരുഷി ആരോപിച്ചു. സാമൂഹികമാധ്യമങ്ങളില്‍ നിര്‍മാതാക്കള്‍ പങ്കുവെച്ച അണിയറപ്രവര്‍ത്തകരുടെ ഗ്രൂപ്പ് ഫോട്ടോയില്‍നിന്ന് മനഃപൂര്‍വം തന്നെ വെട്ടിമാറ്റിയെന്നും ഇത് തനിക്ക് അപമാനമുണ്ടാക്കിയെന്നും നടിയുടെ പരാതിയിലുണ്ട്.

ഇതിനിടെ പണം തിരികെചോദിച്ചപ്പോള്‍ തന്നെയും കുടുംബത്തെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും ആരുഷി ആരോപിച്ചു. നിര്‍മാതാക്കളായ ദമ്പതിമാര്‍ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

ആരുഷിയുടെ പരാതിയില്‍ വഞ്ചനാക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തതായി ദെഹ്‌റാദൂണ്‍ സിറ്റി എസ്.പി. പ്രമോദ് കുമാര്‍ അറിയിച്ചു. പ്രതികളും പരാതിക്കാരിയും ഒപ്പുവെച്ച ധാരണാപത്രം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

By admin