• Thu. Dec 19th, 2024

24×7 Live News

Apdin News

സിനിമ നിർമിക്കാൻ പോസ്റ്ററുകൾ വിറ്റ് ‘ബറാക്ക’ സംഘം

Byadmin

Dec 19, 2024





തിരുവനന്തപുരം: പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വിൽപ്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോട് നിന്നുള്ള സിനിമാപ്രേമികളായ ‘ബറാക്ക’ സംഘം. രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ പരിസരത്ത് ഇവർ ഒരുക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നുണ്ട്. ആവശ്യക്കാർക്ക് വാങ്ങി നിർമാണത്തിൽ പങ്കാളികളാകാമെന്നു ബറാക് കളക്‌ടീവിന് നേതൃത്വം നൽകുന്ന ആദിത് പറയുന്നു.

എൻജിനീയറിങ്, മാധ്യമ വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിലധികം പേരാണ് ബറാക ക്ലബിലുള്ളവർ. ഇതിൽ ചിലർ കഥയെഴുതും പാട്ടെഴുതും തിരക്കഥയൊരുക്കും കലാസംവിധാനം ഉൾപ്പെടെ സിനിമയ്ക്ക് അവശ്യം വേണ്ടതെല്ലാം ചെയ്യാൻ സംഘത്തിലാളുണ്ട്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് നിരവധി പേർ പോസ്റ്ററുകൾ അന്വേഷിച്ച് വരുന്നതായി ഇവർ പറയുന്നു. തങ്ങളുടെ കൈയിൽ ഇല്ലാത്ത പോസ്റ്ററുകൾ പ്രിന്‍റ് ചെയ്ത് എത്തിച്ചുകൊടുക്കുമെന്നും അവർ പറഞ്ഞു.

സിനിമയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ബറാക്ക നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ഇവരുടെ “രാത്രിയിലും കണ്ണ് കാണുന്ന പെണ്ണുങ്ങൾ ‘എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. നിലവിൽ ഇവരുടെ ‘കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റുകാർ’ എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. പലസ്തീൻ ജനതക്ക് വേണ്ടി പ്രതിഷേധിക്കാനിറങ്ങുന്ന ഒരു ഗ്രാമത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റുകാർ.

രാഷ്ട്രീയം പറയേണ്ടത് അത്യാവശ്യമാണെന്ന് ഈ സിനിമയിലൂടെ കാണിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ലോകത്ത് അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കുന്ന കലയെയാണ് ഈ ചിത്രത്തിലൂടെ തങ്ങൾ കാണിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. അടുത്ത വർഷത്തെ മേളയിൽ സ്വന്തമായൊരു സിനിമയും കൊണ്ടു വരുമെന്ന ലക്ഷ്യത്തിലാണിവർ മുന്നോട്ട് നീങ്ങുന്നത്.



By admin