• Tue. Apr 8th, 2025

24×7 Live News

Apdin News

സിപിഐഎം അമരത്തിനി എംഎ ബേബി; ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു

Byadmin

Apr 6, 2025


മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, സുഭാഷിണി അലി, ബി വി രാഘവലു, ജി രാമകൃഷ്ണന്‍ എന്നിവരാണ് പിന്തുണച്ചത്. അശോക് ധാവ്‌ള, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, നീലോല്‍പല്‍ ബസു, തപന്‍ സെന്‍, സൂര്യകാന്ത് മിശ്ര എന്നിവരാണ് എതിര്‍ത്തത്. അശോക് ധാവ്‌ള മുന്നോട്ട് വെച്ചത് പശ്ചിമബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേരാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആവാനില്ലെന്ന് സലിം നിലപാട് എടുക്കുകയായിരുന്നു.

ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ആദ്യമായാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്ന നേതാവാണ് എം എ ബേബി. 1979ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയംഗമായ ബേബി 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം എ ബേബി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും അദ്ദേഹം നിയമിക്കപ്പെട്ടു.

2006ല്‍ കേരള സംസ്ഥാന നിയമസഭാംഗമായ എം എ ബേബി ആ വര്‍ഷം തന്നെ സംസ്ഥാന വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പു മന്ത്രിയായി ചുമതലയേറ്റു. 2012ല്‍ സിപിഐഎം പൊളിറ്റ് ബ്യൂറോയിലെത്തി. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

എന്റെ എസ്എഫ്ഐ കാലം, വരൂ ഈ ചോര കാണൂ: ബുഷിനെതിരെ കലാകാരന്മാര്‍ (ഷിബു മുഹമ്മദുമായി ചേര്‍ന്ന് എഴുതിയത്), എംജിഎസ് തുറന്നുകാട്ടപ്പെടുന്നു, അറിവിന്റെ വെളിച്ചം നാടിന്റെ തെളിച്ചം, ക്രിസ്തു മാര്‍ക്സ് ശ്രീനാരായണഗുരു (ബാബു ജോണുമായി ചേര്‍ന്ന് എഡിറ്റ് ചെയ്തു), നോം ചോംസ്‌കി: നൂറ്റാണ്ടിന്റെ മനസ്സാക്ഷി (എഡിറ്റര്‍), ഡോ. വേലുക്കുട്ടി അരയന്‍ (എഡിറ്റര്‍), ഒഎന്‍വി സ്‌നേഹാക്ഷരങ്ങളിലെ ഉപ്പ്, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്ത, യുവജന പ്രസ്ഥാന ചരിത്രം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

By admin